kerala

കോവിഡ് മരണം; കേരളം ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം

By web desk 1

November 29, 2021

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം. 50,000 രൂപയുടെ ധനസഹായത്തിന് 6116 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ധനസഹായം നല്‍കിയിട്ടില്ല.

മരിച്ചവരുടെ അടുത്ത ബന്ധുക്കളെ കുറിച്ച് വ്യക്തതയില്ലെന്ന് ഇതിനു മറുപടിയായി കേരളം അറിയിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.

2021 നവംബര്‍ 26 വരെ കേരളത്തില്‍ 38737 കോവിഡ് മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 6116 പേരുടെ ബന്ധുക്കളാണ് സാമ്പത്തിക സഹായത്തിന് സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കിയത്. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള ബന്ധുക്കള്‍ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

വൈകാതെ സാമ്പത്തിക സഹായം വിതരണം ചെയ്തുതുടങ്ങുമെന്നും കേരളം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.