ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫീസുകള്‍ ഗോമൂത്രം ഉപയോഗിച്ചുള്ള ഫ്‌ളോര്‍ ക്ലീനര്‍ കൊണ്ടു മാത്രം വൃത്തിയാക്കിയാല്‍ മതിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. രാസവസ്തുക്കള്‍ അടങ്ങിയ ക്ലീനറുകള്‍ക്ക് പകരം ഗോമൂത്ര ക്ലീനറുകള്‍ ഉപയോഗിക്കണം എന്നാണ് ഉത്തരവ്. ഞായറാഴ്ചയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ആദ്യ പശു കാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് വിവിധ വകുപ്പുകളിലേക്ക് അയച്ചത്.

പുതിയ തീരുമാനം പശു സംരക്ഷണത്തിന് ഏറെ സഹായകരമാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ പറഞ്ഞു. ‘ഉത്പാദനത്തിന് മുമ്പെ തന്നെ ആവശ്യം വന്നിട്ടുണ്ട്. മച്ചിപ്പശുക്കളെ ഇനി ആളുകള്‍ ഉപേക്ഷിക്കില്ല. ഇതുമൂലം മധ്യപ്രദേശിലെ പശുക്കളുടെ സാഹചര്യം മെച്ചപ്പെടും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു. ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ചൗധരി ആരോപിച്ചു.