ഫൈസല്‍ മാടായി
കണ്ണൂര്‍: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ വിട്ടുനിന്ന സി.പി.ഐ നിലപാടിനെതിരെ സി.പി.എം നേതാക്കളുടെ രോഷമടങ്ങുന്നില്ല. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജി വൈകിച്ച പാര്‍ട്ടി നിഷ്‌ക്രിയത്വം മറക്കാന്‍ ഏരിയ സമ്മേളനങ്ങളിലും സി.പി.ഐ വിമര്‍ശനം തന്നെ ആയുധം.
നേതാക്കളുടെ വാക്‌പോരില്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പ് ശക്തമാകവെ സി.പി.ഐയെ ആക്രമിക്കാനാണ് ഏരിയ സമ്മേളന വേദികളെ സി.പി.എം നേതാക്കളും ജനപ്രതിനിധികളും ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഏഴോം നെരുവമ്പ്രത്ത് നടന്ന മാടായി ഏരിയാ സമ്മേളനത്തില്‍ മുന്നണിയിലെ പ്രശ്‌നത്തിന് സി.പി.ഐയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു ഇ.പി ജയരാജന്റെ പ്രസംഗം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സി.പി.ഐ നിലപാട് ന്യായീകരിക്കാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി പറഞ്ഞു. മുന്നണിക്ക് കളങ്കമുണ്ടാക്കുന്നതാണ് സി.പി.ഐ നിലപാടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ വിഴുപ്പലക്കലില്‍ അണികള്‍ക്ക് ക്ഷമ കെടുമ്പോള്‍ സി.പി.ഐയെ പ്രതിക്കൂട്ടിലാക്കി മുന്നണിയില്‍ നല്ലപിള്ള ചമയാനാണ് സി.പി.എം ശ്രമം. ഇതിനിടെ മുന്നണിയിലും ഭരണ തലത്തിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്ത കെടുകാര്യസ്ഥത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കുകയാണ്. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചതോടെ ഉടലെടുത്ത പോരില്‍ ഭരണം നിശ്ചലമായെന്ന് ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു.
സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ മുന്നണിയിലെ കെട്ടുറപ്പില്ലായ്മയാണ് പ്രധാന വിഷയവും. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ പരസ്പരം പോരടിക്കുന്ന സ്ഥിതി ജനങ്ങള്‍ക്കിടയില്‍ നാണക്കേടിന് വഴിയൊരുക്കിയെന്നാണ് അണികള്‍ക്കിടയിലെ ആക്ഷേപം. സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ചെളിവാരിയെറിയുന്ന രീതിയിലാണ് പ്രതികരണങ്ങളും അഭിപ്രായങ്ങളും. പാര്‍ട്ടി മുഖപത്രങ്ങളിലുള്‍പ്പെടെ നടന്ന വാക്‌പോര് സര്‍ക്കാറിനെയും മുന്നണി സംവിധാനത്തെയും ശിഥിലമാക്കിയെന്ന വിമര്‍ശനവുമുയരുന്നുണ്ട്. നേതാക്കള്‍ക്കിടയിലെ ഈഗോയാണ് പ്രശ്‌നം വഷളാക്കിയതെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. മുന്നണിയിലെ പ്രബല കക്ഷികള്‍ തമ്മിലുള്ള പോര് പുതുതായി തുടങ്ങിയതല്ലെങ്കിലും തോമസ് ചാണ്ടി വിഷയത്തില്‍ ഉടലെടുത്ത തര്‍ക്കം കടുത്ത ഭിന്നതയിലേക്കാണ് എത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടുള്‍പ്പെടെയാണ് സി.പി.ഐ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. മുന്നണി ബന്ധം തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാറും മുന്നണിയും മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഇടതിനെ അധികാരത്തിലേറ്റാന്‍ വിയര്‍പ്പൊഴുക്കിയവരെ നിരാശരാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന വിമര്‍ശനവും ശക്തമാണ്. പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്ന രീതിയിലാണ് പോര് മുര്‍ച്ഛിക്കുന്നത്.
Be the first to write a comment.