ഇരിങ്ങാലക്കുട: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന് പരസ്യശാസന. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി. അരുണന്‍ ചെയ്തത് ഗുരുതര തെറ്റെന്ന് ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും എംഎല്‍എയ്ക്ക് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം വിലയിരുത്തി. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നായിരുന്നു അരുണന്റെ വിശദീകരണം.

ജനപ്രതിനിധിയാണെങ്കിലും ആര്‍എസ്എസ് പരിപാടിയില്‍ പാര്‍ട്ടി എംഎല്‍എ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന അരുണന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.