കൊച്ചി: സി.പി.എം വര്‍ഗീയ സംഘടനകളായ ആര്‍.എസ്.എസിനെയും എസ്.ഡി.പി.ഐയെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതിന് പിന്നാലെ ഇവര്‍ പോസ്റ്റ് പിന്‍വലിച്ചു. ഭാര്യയെ തള്ളിപ്പറഞ്ഞ് എം.എല്‍.എയും രംഗത്തെത്തി. നിയമസഭയില്‍ സി.പി.എമ്മിന്റെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ എന്‍.പി ജെസിയുടെ പോസ്റ്റാണ് വിവാദമായത്. മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമാണ് ഇവര്‍. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഒരു പാര്‍ട്ടി ബന്ധു തന്നോട് നടത്തിയ ഫോണ്‍ സംഭാഷണത്തിലെ കാര്യങ്ങളാണ് ഫെയ്സ്ബുക്കില്‍ കുറിച്ചതെന്നാണ് ജെസിയുടെ വിശദീകരണം. പശ്ചിമ കൊച്ചിയില്‍ നടക്കുന്ന വര്‍ഗീയ പ്രീണനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ജോണ്‍ ഫെര്‍ണാണ്ടസ് എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്ന് വിളിച്ചയാള്‍ ചോദിച്ചു. അമരാവതി സര്‍ക്കാര്‍ സ്‌കൂളിന്റെ ഭൂമി കയ്യേറാനുള്ള ആര്‍.എസ്.എസുകാരുടെ ശ്രമത്തിന് ചിലര്‍ ഒത്താശ ചെയ്തെന്നും ഇതിന് പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും വിളിച്ചയാള്‍ പറഞ്ഞു. പകല്‍ സി.പി.എമ്മും കോണ്‍ഗ്രസുമായ ചിലര്‍ രാത്രിയില്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയുമാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വിവാദമായതിന് പിന്നാലെ ഈ കുറിപ്പ് പിന്‍വലിച്ച ജെസി പുതിയ വിശദീകരണ കുറിപ്പും ഇട്ടു. ഫോര്‍ട്ട് കൊച്ചി അമരാവതി സര്‍ക്കാര്‍ യു.പി. സ്‌കൂളിന്റെ ഗ്രൗണ്ട് കയ്യേറി ഹിന്ദുവര്‍ഗീയ വാദികള്‍ ഗേറ്റും ബോര്‍ഡും വെച്ചിട്ടും കൊച്ചിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന എന്റെ ഒരു ഉദ്യോഗസ്ഥ സുഹൃത്തിന്റെ ആവലാതിയാണ് താന്‍ എഫ്ബിയില്‍ ഇട്ടതെന്നും അദ്ദേഹം പറഞ്ഞതില്‍ ശരിയുണ്ടെങ്കില്‍ തെറ്റുകള്‍ തിരുത്തപ്പെടണമെന്നും വിശദീകരണ കുറിപ്പില്‍ ജെസി പറഞ്ഞു. അഭിമന്യൂവിന്റെ കൊലപാതകം കഴിഞ്ഞ് വന്നവരെ സംരംക്ഷിച്ചവര്‍ ആരാണെന്ന് പാര്‍ട്ടി കണ്ടെത്തണമെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. കൊച്ചിയില്‍ സിപിഎം ശക്തമാണ്, ആ ശക്തി ഈ കൊലയാളി സംഘത്തെ കണ്ടെത്തുന്നതില്‍ ഇടപെടണം. ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എം എന്ന വ്യാഖ്യാനം നടത്തി മുതലെടുപ്പ് നടത്തേണ്ട എന്ന് പറഞ്ഞാണ് വിശദീകരണ കുറിപ്പ് അവസാനിക്കുന്നത്.

ഇന്ന് ഉച്ചയോടെ ഭാര്യയെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ജോണ്‍ ഫെര്‍ണാണ്ടസിന്റെ പ്രസ്താവന പത്രകുറിപ്പായി സി.പി.എം ജില്ലാ കമ്മിറ്റി മാധ്യമങ്ങള്‍ക്ക് നല്‍കി. തന്റെ ഭാര്യ ജെസി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതവും അവജ്ഞതയോടെ തള്ളിക്കളയേണ്ടതുമാണെന്ന് എം.എല്‍.എ പറഞ്ഞു. പോസ്റ്റിലുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും നാടിന് ആപത്താണ്. എസ്.ഡി.പി.ഐക്കെതിരെ ഉയരുന്ന ജനവികാരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അവര്‍ സ്വീകരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.