കെ.പി ജലീല്‍

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ വിമര്‍ശനത്തിലെ കാപട്യം പുറത്താവുന്നു. യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ആദ്യമായി മലപ്പുറത്തെത്തിയ എം.എം ഹസന്‍ നടത്തിയ കൂടിക്കാഴ്ചയാണ് സിപിഎം വിവാദത്തിന് അവസരമാക്കി എടുത്തിരിക്കുന്നത്. യുഡിഎഫ് ജമാഅത്തെ ഇസ് ലാമിയുമായി യോജിക്കുകയാണെന്നും അത് സംസ്ഥാനത്ത് വര്‍ഗീയത വളരാന്‍ ഇടയാക്കുമെന്നാണ് ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രതികരണം. എന്നാല്‍ മുമ്പ് എത്രയോ തവണ സിപിഎം നേതാക്കളും ഇടതു നേതാക്കളും ജമാഅത്തെ ഇസ് ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും വോട്ട് പങ്കിടുകയും ചെയ്തകാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് സിപിഎം നേതാക്കള്‍.

2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ ജമാഅത്തെ ഇസ് ലാമി അമീറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതും തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതും ജമാഅത്ത് നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനത്തുവരെ മുമ്പ് ജമാഅത്തെ ഇസ് ലാമി നേതാക്കളുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തിയതിന് തെളിവുകളുണ്ട്. അന്നെല്ലാം ജമാഅത്തിനെ മികച്ച മതേതര സംഘടനയായാണ് സിപിഎം നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചിട്ടുണ്ട്. ധാരണ എന്നപേരിലായിരുന്നു ഇത്. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എസ്‌ക്യുആര്‍ ഇല്യാസ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എ സിദ്ദീഖ് ഹസന്‍ എന്നിവരുമായി സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തിയിരുന്നു.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതായി ജമാഅത്ത് വക്താവ് ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബിജെപി തോല്‍പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നും അല്ലാതെ അവര്‍ ഇപ്പോള്‍ പറയുന്ന വര്‍ഗീയതയുമായി അതിന് ബന്ധമില്ലെന്നും ജമാഅത്ത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.