ആലപ്പുഴ: നഗരത്തിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ പാര്‍ട്ടിക്കും മറ്റും പരാതിയ നല്‍കിയ വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവിന് വധഭീഷണി. നേതാവ് തന്റെ വീട്ടില്‍ നിരന്തരം വരുന്നതിനാല്‍ സ്വരച്ചേര്‍ച്ചയില്ലാതായ ഞങ്ങളുടെ കുടുംബ ബന്ധം തകര്‍ന്നിരിക്കുകയാണെന്നാണ് കൗണ്‍സിലറുടെ ഭര്‍ത്താവ് പാര്‍ട്ടി നേതൃത്വത്തിനും മറ്റും പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ നേതാവിനെ താക്കീത് ചെയ്ത് വിട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയത്. നേതൃത്വത്തിലുള്ള ചിലര്‍വിളിച്ച് അനുനയശ്രമം നടത്തിയെങ്കിലും അത് നടക്കില്ലെന്ന് കണ്ടതോടെ ഭീഷണിയുമായി. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പ്രദേശിക ചുമതലയുള്ള നേതാവിനെതിരെ ആരോപണം ഉയര്‍ന്നത് നേതൃത്വത്തിന് ക്ഷീണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.ആരോപണ വിധേയനായ നേതാവിനെതിരെ മറ്റൊരു സ്ത്രീയുമായും നേരത്തെ ഇത്തരത്തില്‍ പരാതി ഉയരുകയും പാര്‍ട്ടി സസ്‌പെന്റ് ചെയ്തതുമാണ്.