കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി. ആവശ്യം രാഹുലിന്റെ പരിഗണനയിലാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ പിന്‍മാറാന്‍ തയ്യാറാണെന്ന് ടി.സിദ്ധീഖ് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം സ്ഥിരീകരിച്ചു.

ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് പരിഗണിച്ചാണ് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെ.പി.സി.സി മുന്നോട്ട് വെക്കുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാന്‍ അത് സഹായിക്കുമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കരുതുന്നു.