തിരുവനന്തപുരം: കുഞ്ഞുങ്ങളെ ക്രൂരമായി അക്രമിക്കുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചു. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്റെയും കുഞ്ഞിനെ എടുത്ത് എറിയുന്നതിന്റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

പതിമൂന്നു വയസ്സ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയും ഏകദേശം പത്ത് വയസ്സുള്ള ആണ്‍കുട്ടിയുമാണ് ദൃശ്യങ്ങളില്‍. 45 വയസ്സ് തോന്നിക്കുന്ന കുട്ടികളുടെ അച്ഛനാണ് അതിക്രൂരമായി കുട്ടികളെ മര്‍ദിക്കുന്നത്. കാണാതായ എന്തോ സാധനം കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് അതിക്രൂര മര്‍ദനം.

ഞങ്ങള്‍ എടുത്തിട്ടില്ലെന്നും അറിയില്ലെന്നും കുട്ടികള്‍ കരഞ്ഞു പറയുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഓരോ അടിവീഴുമ്പോഴും തന്റെ കുഞ്ഞനുജന്റെ മേല്‍ വടി തട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് അടി വാങ്ങുന്ന പതിമൂന്നുകാരിയെ ദൃശ്യങ്ങളില്‍ കാണാം. ചേച്ചിയെ സംരക്ഷിക്കാന്‍ അച്ഛനു മുന്നില്‍നിന്ന് തടസ്സം പിടിക്കുന്ന ആണ്‍കുട്ടിയും നൊമ്പരക്കാഴ്ചയാണ്. ഇടക്കിടെ താഴെയിരിക്കുന്ന കുട്ടികളുടെ അമ്മയെയും അയാള്‍ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. അമ്മയെ ഒന്നും ചെയ്യരുതെന്നു കുട്ടികള്‍ അലറിക്കരഞ്ഞു കൊണ്ട് അപേക്ഷിക്കുന്നതും കാണാം.