കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ഒരുങ്ങി ബിജെപി എംപി സൗമിത്ര ഖാന്‍. ഇദ്ദേഹത്തിന്റെ ഭാര്യ സുജാത മൊണ്ഡല്‍ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ വിവാഹമോചനം നടത്താന്‍ തീരുമാനിച്ചത്. ഭാര്യ ചെയ്യുന്നത് വലിയ തെറ്റാണെന്നും രാഷ്ട്രീയം തന്റെ വിവാഹജീവിതം നശിപ്പിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ സൗമിത്ര കരഞ്ഞു പറഞ്ഞു.

2014ല്‍ സൗമിത്ര ഖാന്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗമിത്ര ഖാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഭാര്യ സുജാത ആയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സൗമിത്ര ഖാന്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയരുന്നു. തുടര്‍ന്ന് സുജാത പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. സുജാതയുടെ കഠിന പരിശ്രമം കൊണ്ടാണ് ഇതേ മണ്ഡലത്തില്‍ സൗമിത്ര ഖാന്‍ വീണ്ടും ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.

‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം, കരുത്തുള്ള നേതാവും പാര്‍ട്ടിയും വേണം. അതിനായി സ്‌നേഹം നിറഞ്ഞ ദീതിയോടൊപ്പം പ്രവര്‍ത്തിക്കണം. പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ അഴിമതിക്കാരാണ്. അവര്‍ യോഗ്യരല്ല. എന്നാല്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു’ സുജാത പറഞ്ഞു. ഭര്‍ത്താവിനെ ലോക്‌സഭയിലെത്തിക്കാന്‍ അക്രമങ്ങള്‍ക്ക് പോലും ഇരയാകേണ്ടി വന്നു. എന്നാല്‍ തിരിച്ചൊന്നും ലഭിച്ചില്ല. ഭര്‍ത്താവ് എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെന്നും ഒരു ദിവസം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അവര്‍ പറഞ്ഞു.