തൊടുപുഴ: ഉടുമ്പന്നൂര്‍ ടൗണില്‍ എല്‍ഡിഎഫ് വിജയാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഡിവൈഎഫ്‌ഐ നടത്തിയ പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സംഘടനയുടെ ജില്ലാ നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ മാസ്‌കോ സാമൂഹിക അകലമോ ഉണ്ടായിരുന്നില്ല. ദൃശ്യങ്ങള്‍ ലൈവായി ഡിവൈഎഫ്‌ഐ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവക്കുകയും ചെയ്തു.

സംഘടനയുടെ ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് ഏഴോടെ ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. പൊലീസ് വിവരമറിഞ്ഞിട്ടും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

20 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ മദ്യ വിതരണം ഉണ്ടായതായി കോണ്‍ഗ്രസ് ആരോപിച്ചു.