ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്. കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്.

ആരോപണത്തിന് തെളിവായ സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.

പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമായിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴ ഒഴുക്കിയത്, കങ്കണ ട്വീറ്റ് ചെയ്തു.

വിവാദ ബില്ലിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് പ്രതിഷേധക്കാരെ തീവ്രവാദികളായി വിശേഷിപ്പിച്ച് കങ്കണ രംഗത്തെത്തിയത്. വിവാദ ട്വീറ്റില്‍ കങ്കണക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷക സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നത്.