തിരുവനന്തപുരം: പൊലീസിലെ കൊടുംക്രിമിനലുകള്‍ക്കെതിരെ നടപടി വരുന്നു. 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി (ക്രൈം) അധ്യക്ഷനായ സമിതി പൊലീസ് മേധാവിക്ക് ശിപാര്‍ശ നല്‍കി.
ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച് നിയമോപദേശം തേടും. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ 59 ഉദ്യോഗസ്ഥരില്‍ പത്തോളം പേര്‍ സേനക്ക് പുറത്തുപോകേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം.
സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിച്ചവര്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ് പട്ടികയില്‍. എസ്.ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടി വരുന്നതില്‍ അധികവും. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നു മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി.ജി.പി ക്രൈം, ഇന്റലിജന്‍സ് ഐ.ജി, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി, സെക്യൂരിറ്റി എസ്.പി, എന്‍.ആര്‍.ഐ സെല്‍ എസ്. എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്. സംസ്ഥാന പൊലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1,129 ഉദ്യോഗസ്ഥരുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് ഏപ്രില്‍ മാസത്തില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കിയിരുന്നത്. പത്തു ഡിവൈ.എസ്.പിമാരും എട്ട് സി.ഐമാരും എസ്.ഐ എ.എസ്.ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരുമാണ് ഈ പട്ടികയിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഏപ്രില്‍ 24ന് ഡി.ജി.പി സമിതിക്ക് രൂപം നല്‍കി. സമിതി ഓരോ കേസും വിശദമായി പരിശോധിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പേരുണ്ടെന്ന് കണ്ടെത്തി. പിന്നീട് ഈ പട്ടിക വീണ്ടും പരിശോധിച്ചതിന് ശേഷമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ട 59 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഈ പട്ടിക ഡി.ജി.പിക്ക് കൈമാറി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സേനയുടെ അച്ചടക്കത്തിന് ഭീഷണിയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സേനയില്‍ തുടരാന്‍ പാടില്ലെന്ന നിലപാടാണ് ഡി.ജി.പിക്ക്. നിയമോപദേശം ലഭിച്ചാല്‍ പട്ടികയിലുള്ള പൊലീസുകാരില്‍ നിന്ന് വിശദീകരണം തേടും. പി.എസ്.സിയോടും അഭിപ്രായം ആരായും. ഇതിനുശേഷമായിരിക്കും അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.