ബെംഗളൂരു: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ലഹരിമരുന്ന് കച്ചവടക്കാരന്‍ അനൂപ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി പറയുന്നു. അനൂപിന്റെ ബോസ് ആണ് ബിനീഷ് എന്നും ബിനീഷ് പറയുന്നത് അനൂപ് ചെയ്യുമെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണ്. വലിയ സാമ്പത്തിക ഇടപാടുകളാണ് ഇരുവരും തമ്മിലുള്ളത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും അനൂപ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിലവില്‍ പരപ്പന അഗ്രഹാര ജയില്‍ കഴിയുകയാണ് മുഹമ്മദ് അനൂപ്. അനൂപിനെ 17 മുതല്‍ 21 വരെയാണ് ഇഡി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നത്. ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റെസ്റ്റന്‍ഡ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നു എന്നും അനൂപ് നല്‍കിയ മൊഴിയിലുണ്ട്. ബിനീഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം എന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.