തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസിന്റെ നോട്ടീസ്. കഴിഞ്ഞ രണ്ടു തവണയും വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് രണ്ടാംതവണ നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടും വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍.