india

ഓണ്‍ലൈന്‍ ഗെയിം ‘ റെഡി അണ്ണ’ വഴി 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; 12 പേര്‍ പിടിയില്‍

By webdesk18

November 07, 2025

നവിമുംബൈ: നിരോധിത ഓണ്‍ലൈന്‍ ഗെയിം ആപ്പ് ‘റെഡി അണ്ണ’ ഉപയോഗിച്ച് രാജ്യത്താകെ 84 കോടി രൂപയുടെ വന്‍സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 12പേരെ നവിമുംബൈ പോലീസ് സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തു. രാജ്യത്ത് മൊത്തം 393 കേസുകളിലാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുംബൈയില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ മുഹമ്മദ് മസൂദ് അബ്ദുള്‍ വസീം (28), അബ്ദുള്ള ലാരെ അഹമ്മദ് ഷെയ്ഖ് (24), നൂര്‍ ആലം ആഷിഖ് അലി ഖാന്‍ (42), മനീഷ് കോട്ടേഷ് നന്ദല (30) എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍ രണ്ടുപേര്‍ ദുബായില്‍ താമസിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമക്കി. സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രധാന പ്രതികളായി ബെംഗളൂരു സ്വദേശി വസീമിനെയും ദുബായില്‍ താമസിക്കുന്ന മൊഹ്‌സിനിനെയും സഫറിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വസീമില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്, യുഎഇ ഐഡി കാര്‍ഡ്, ഏഴ് സിം കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പേരില്‍ വന്‍ തുക വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ രീതി. കേസില്‍ മറ്റ് നാല് പ്രതികളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.