ലഖ്‌നൗ: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ.ബി.ആര്‍ അംബേദ്കറിനോടുള്ള ബഹുമാനവും ദളിതരോടുള്ള സ്‌നേഹവും വെറും കാപട്യമാണെന്ന് മുന്‍ യു.പി മുഖ്യമന്ത്രി മായാവതി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി ) അധ്യക്ഷ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

സംസ്ഥാനത്തെ ക്രമസമാധാനം നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂര്‍ണപരാജയമാണ്. ബി.ജെ.പി അധികാരത്തിലേറിയ ശേഷം ദളിതര്‍ക്ക് നേരയുള്ള ആക്രമണത്തില്‍ ഗണ്യമായ വര്‍ധനവാണ് വന്നിരിക്കുന്നത്. രാജ്യത്തെ ദളിതര്‍ക്കു വേണ്ടി പല പ്രഖ്യാപനവും നടത്തും എന്നാല്‍ അതു പ്രാവര്‍ത്തികമാക്കില്ല. ദളിതരും ന്യൂനപക്ഷ വിഭാഗവും ഭയത്തോടെയാണ് ജീവിക്കുന്നത്.അംബേദ്കറെ ബഹുമാനിക്കുന്നതായി നടിക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ തകര്‍ക്കുന്നവര്‍രെ പിടികൂടാനെ അതിനെതിരെ നടപടി സ്വീകരിക്കാനോ ഇക്കൂട്ടര്‍ക്കാവില്ല. ഈ സ്‌നേഹവും ബഹുമാനവും വെറും കാപട്യവും ഇരട്ടത്താപ്പുമാണ്-മായാവതി പറഞ്ഞു.