പാലക്കാട് കൊടുവായൂരില്‍ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ .

രതീഷിന്റെ ഭാര്യ പദ്മാവതി, മക്കളായശ്രീലക്ഷ്മി(ഏഴ് ), ശ്രീരേഖ (നാല്) എന്നിവരെയാണ് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പദ്മാവതിയുടെ ശരീരത്തോട് ചേര്‍ത്ത് ബന്ധിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍.

രാവിലെ കുളത്തില്‍ കുളിക്കാനെത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരേയും പൊലീസിനേയും അറിയിക്കുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പുതുനഗരം പൊലീസില്‍ രതീഷ് പരാതി നല്‍കിയിരുന്നു. രതീഷ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പദ്മാവതിയെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ഒരാഴ്ച മുന്‍പ് രതീഷും പദ്മാവതിയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും പദ്മാവതിയെ രതീഷ് മര്‍ദിച്ചിരുന്നതായും ബന്ധു പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.