ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയില്‍ നിന്നും ഇളവു ലഭിച്ച 15 ഇന്ത്യക്കാരില്‍ നാലു മലയാളികളും. കാസര്‍കോഡ് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, മലപ്പുറം സ്വദേശി ഫൈസല്‍ മഞ്ഞോട്ടുചാലില്‍, പാലക്കാട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ് വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും കുവൈത്ത് അമീര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. തടവുശിക്ഷയില്‍ ഇളവു ലഭിച്ചവരുടെ പട്ടികയിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരുടെ മോചനത്തിന് ഷാര്‍ജ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുവൈത്തും സമാനരീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.