ജുനൈദ് ടി.പി തെന്നല

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ സംയുക്ത റാലി രാജ്യ തലസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക ഷെല്ലുകളും ജലപീരങ്കിയുമൊക്കെ ഉപയോഗിച്ച് സംസ്ഥാന പൊലീസും കേന്ദ്ര സേനയും പ്രക്ഷോഭകരെ തടയാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സമരക്കാരുടെ പോരാട്ടവീര്യത്തിന്മുന്നില്‍ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവരികയായിരുന്നു. ഇപ്പോള്‍ പ്രധാനമായും പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ് സമരരംഗത്തുള്ളത്. അടുത്ത ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കര്‍ഷകര്‍ സമരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ മോദി ഭരണകൂടം അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായി സമരം തീവ്രത കൈവരിച്ചേക്കാം. ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരയീയ കിസാന്‍ സംഘ് അടക്കം പ്രക്ഷോഭത്തില്‍ അണിനിരക്കുന്നുണ്ട്. ഇതാണ് ബി.ജെ.പി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നതും സമരത്തെ ആദ്യ ഘട്ടത്തില്‍ അടിച്ചമര്‍ത്താനും അതിന് കഴിയാതെ വന്നപ്പോള്‍ അനുനയ ശ്രമങ്ങളുമായി രംഗത്ത്‌വന്നതിന്റെയും മുഖ്യ കാരണം.

ജയ്ജവാന്‍ ജയ്കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ രാജ്യം ഇന്ന് ജവാന് മാത്രം ജയ് വിളിക്കുന്ന തീവ്രദേശീയതവാദം മുന്നോട്ട്‌വെക്കുന്ന ഫാസിസ്റ്റ് ഭരണകൂടമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ക്ക്‌വേണ്ടി രാഷ്ട്രമെന്ന ആധുകിക സങ്കല്‍പത്തില്‍നിന്ന് രാഷ്ട്രത്തിന്‌വേണ്ടി ജനങ്ങള്‍ എന്ന പുരാതന പ്രത്യയശാസ്ത്രത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ് രാജ്യം. ഹിറ്റ്‌ലറുടെ ജര്‍മനിയിലും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലുമൊക്കെ നടപ്പാക്കിയ കര്‍ഷകതൊഴിലാളി വിരുദ്ധ നയങ്ങളുടെ കാര്‍ബണ്‍ കോപ്പിയാണ് ഇപ്പോള്‍ ഇന്ത്യയിലും അവതരിപ്പിക്കപ്പെടുന്നത്. എട്ടു മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി തൊഴില്‍ സമയങ്ങളിലും മാറ്റം വരുത്തുന്ന നിയമംകൂടി പ്രാബല്യത്തില്‍ വന്നാല്‍ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ സമരരംഗത്തേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെവന്നാല്‍ സമരങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനങ്ങളുടെ അടിത്തറയിളക്കും എന്നുതന്നെ പ്രതീക്ഷിക്കാം.

കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ്എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്‍ 2020, ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ബില്‍ 2020, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്റ്്‌മെന്റ്) ആക്ട് 2020. ഇവ മൂന്നും സാധാരണ കര്‍ഷകരുടെ നടുവൊടിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. പ്രൈംമിനിസ്‌റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ പ്രകാരം കര്‍ഷകരില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. ഈ കര്‍ഷകരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന കാര്‍ഷിക വിരുദ്ധ ഒര്‍ഡിനന്‍സ് മുഖ്യമായും ബാധിക്കുക.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിംഗ് കമ്മിറ്റികള്‍ വഴിയാണ് കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ ഇതുവരെ മുഖ്യമായും വിറ്റഴിച്ചിരുന്നത്. ഈ എ.പി.എം.എസുകളില്‍ ഏജന്റുമാരുണ്ടാകും.

അവര്‍ക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇവര്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും. ഈ വിപണികളില്‍നിന്നാണ് പിന്നീട് ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തുമൊക്കെ വിപണനം ചെയ്യുന്നത്. ഇതൊരു വികേന്ദ്രീകൃതമായ കമ്പോള രീതിയാണ്. ചെറുകിടക്കാര്‍ക്കും വന്‍കിടക്കാര്‍ക്കും തുല്യമായിതന്നെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുമായിരുന്നു. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പുവരുത്തുന്ന പരമ്പരാഗതമായി തുടരുന്ന രീതിയാണിത്. എന്നാല്‍ ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്‍ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെതന്നെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്ന പ്രധാന വാദങ്ങളിലൊന്ന്. എന്നാല്‍ എ.പി.എം.സികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് വില്‍പന നടത്തേണ്ട സാഹചര്യം ഒരുങ്ങും. അതുകൊണ്ട്തന്നെ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച് കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള വഴിയാണ് നിയമത്തിലുടെ സര്‍ക്കാര്‍ ഒരുക്കികൊടുക്കുന്നത്.

ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്‍ 2020 വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്ന നിയമമാണ്. ഇങ്ങനെ കോര്‍പറേറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍വരെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് പഠിച്ചെടുക്കുക പ്രയാസമാണ്. മാത്രവുമല്ല പല കര്‍ഷകര്‍ക്കും ഈ വിപണ രീതിയില്‍ ന്യായവില കിട്ടാതെയും വരും. ഇതാണ് പ്രധാന ആശങ്ക. ഇങ്ങനെ കര്‍ഷകര്‍ വന്‍കിട കോര്‍പറേറ്റുകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ സാധാരണക്കാരായ കര്‍ഷകര്‍ നിയമയുദ്ധം ചെയ്യേണ്ടിവരുന്നത് വന്‍കിട കോര്‍പറേറ്റുകളോടായിരിക്കും. കോര്‍പറേറ്റുകളോട് ഏറ്റുമുട്ടാനുള്ള സാമ്പത്തികശേഷി ഇല്ലാതെവരുമ്പോള്‍ സാധാരണ കര്‍ഷകരെ ആത്മഹത്യയിലേക്ക് എത്തിക്കുന്നതില്‍ വരെ ഈ സാഹചര്യം കാരണമാവും.

ഇപ്പോള്‍ തന്നെ രാജ്യത്ത് കടബാധ്യതകളില്‍ കുടുങ്ങി 12,000 ഓളം കര്‍ഷകര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നാണ് ഞെട്ടിക്കുന്ന കണക്ക്. ഈ ഗ്രാഫ് കുത്തനെ ഉയരുകയും വന്‍കിട കാര്‍ഷിക കമ്പനികള്‍ മാത്രമായി കര്‍ഷിക മേഖല അവശേഷിക്കുകയും ചെയ്യും. ഇതോടെ കോര്‍പറേറ്റുകള്‍ വില നിയന്ത്രിക്കുന്ന കമ്പോള വ്യവസ്ഥിതിയിലേക്ക് രാജ്യം ചുവട് വെക്കും. വിലക്കയറ്റംകൊണ്ട് രാജ്യത്തെ കോടിക്കണക്കിന്‌വരുന്ന ദരിദ്ര ജനങ്ങളും പട്ടിണിയിലാകും.
ഈ സമരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഞ്ചാബ് പോലെയുള്ള ഇന്ത്യയിലെ കാര്‍ഷിക സംസ്ഥാനങ്ങളില്‍ ബി.ജെ.പി സംപൂജ്യരായി മാറാനുള്ള സാധ്യതയുണ്ട്. ഈ തിരിച്ചടി ഭയന്നാണ് പഞ്ചാബില്‍ നിന്നുള്ള എന്‍.ഡി.എ സഖ്യക്ഷിയായ ശിരോമണി അകാലിദള്‍ പ്രതിനിധി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരും സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതും രാഷ്ട്രീയമായ തിരിച്ചടികള്‍ ഭയക്കുന്നത്‌കൊണ്ടാണ്. സമരക്കാരെ തടഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ ശക്തമായ വിമര്‍ശനവുമായാണ് കഴിഞ്ഞദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ് രംഗത്തുവന്നത്. ഭരണഘടന ദിവസംതന്നെ വേണമായിരുന്നോ ഈ അടിച്ചമര്‍ത്തല്‍ എന്നായിരുന്നു അമരീന്ദര്‍ സിങിന്റെ ചോദ്യം. ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും വേണ്ടിവന്നാല്‍ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെയാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി ചര്‍ച്ചയാവാമെന്ന് പ്രഖ്യാപിച്ചത്. ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നത് തന്നെ സര്‍ക്കാറിന്റെ തന്ത്രമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ദിവസം കൂടുംതോറും കര്‍ഷകരുടെ കയ്യിലുള്ള ഭക്ഷണ വസ്തുക്കളുടെ സ്റ്റോക്ക് തീരുന്നതോടെ സമരത്തിന്റെ വീര്യം കുറയുമെന്നും സര്‍ക്കാര്‍ കണക്ക്കൂട്ടുന്നു. എല്ലാം കൊണ്ടും ഈ സമരം വലിയൊരു അതിജീവന പോരാട്ടത്തിന് രാജ്യം തയ്യാറെടുക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.