കെ.ഫോണ്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, ഇ-മൊബിലിറ്റി പദ്ധതി, വ്യവസായ-ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ്പാര്‍ക്ക് തുടങ്ങി കേരളത്തിന്റെ സുപ്രധാന സര്‍ക്കാര്‍പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി കരാറുകളൊക്കെ കൈവെള്ളയില്‍ വെച്ചുകൊടുത്ത പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിന് (പി.ഡബ്ലിയു.സി) ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നു. നവംബര്‍ 27ന് ഒപ്പുവെച്ച ഉത്തരവിലാണ് പിണറായി സര്‍ക്കാരിന്റെ ഈ സമ്പൂര്‍ണ കീഴടങ്ങല്‍. കള്ളം കയ്യോടെ പിടിക്കപ്പെട്ട് മാസങ്ങളോളം ന്യായീകരണ പരമ്പര നടത്തിക്കൊണ്ടിരുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒടുവില്‍ പ്രതിപക്ഷത്തിന്റെ വാദമുഖങ്ങളെ സ്വമനസ്സോടെയല്ലെങ്കിലും അംഗീകരിക്കേണ്ടിവന്നതായാണ് സ്ഥാപനത്തിന് സര്‍ക്കാര്‍ പദ്ധതികളില്‍ ഏര്‍പെടുത്തിയിരിക്കുന്ന രണ്ടു വര്‍ഷത്തേക്കുള്ള വിലക്ക്.

ഗുരുതരമായ കാരണങ്ങളൊന്നും പറയാതെയാണെങ്കിലും പി.ഡബ്ലിയു.സിയെ വിലക്കിയ നടപടി സര്‍ക്കാര്‍ ഇതുവരെ ന്യായീകരിച്ചിരുന്നതെല്ലാം പൊള്ളയാണെന്നതിന്റെ തെളിവുകൂടിയാണ്. സ്ഥാപനത്തിനെതിരായി പ്രതിപക്ഷം കഴിഞ്ഞ ഏതാനും മാസമായി ചൂണ്ടിക്കാട്ടിയ ആരോപണങ്ങളെയെല്ലാം ശരിവെക്കുന്നതുകൂടിയായി ഈ നടപടി. കസ്റ്റംസിന്റെയും ഇ.ഡിയുടെയും അന്വേഷണ നിഴലിലുള്ള സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌നസുരേഷിന്റെ നിയമവവുമായി ബന്ധപ്പെട്ടാണ് വിലക്കെന്നാണ് ഉത്തരവില്‍ പറയുന്നതെങ്കിലും മേല്‍പറഞ്ഞ പദ്ധതികളുടെ കാര്യത്തിലെല്ലാം ഏര്‍പെടുത്തിയ വിലക്കിന് സര്‍ക്കാരിന് കാര്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായില്ല എന്നത് സ്ഥാപനത്തോട് സര്‍ക്കാരിലെ ആളുകള്‍ക്ക് ഇപ്പോഴും താല്‍പര്യവും സ്‌നേഹവും ഉണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

സംസ്ഥാനത്തെ വ്യവസായ-ഐ.ടി വകുപ്പുകളുടെ പ്രധാനനിര്‍മാണ ജോലികളെല്ലാം ഏല്‍പിക്കാന്‍മാത്രം എന്തു ബന്ധമാണ് പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിനുള്ളതെന്ന ജനങ്ങളുടെ സംശയത്തെ ബലപ്പെടുത്തുകയാണ് വിലക്കെങ്കിലും അത് വെറുംരണ്ടു വര്‍ഷത്തേക്ക് മാത്രമായി ചുരുക്കിയതിനുപിന്നില്‍ ആരുടെ കൈകളാണെന്ന് അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇ.ഡി പോലുള്ള കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതിക്ക് കോടതി റിമാന്‍ഡ് ചെയ്ത് ജയിലില്‍ കഴിയേണ്ടിവന്നിരിക്കുന്ന അവസ്ഥയില്‍ നില്‍ക്കക്കള്ളിയില്ലാതെയായിരിക്കണം നാലുമാസം കഴിഞ്ഞപ്പോഴുള്ള സര്‍ക്കാരിന്റെ വിലക്കുപ്രഹസനം. സര്‍ക്കാരിനും വ്യവസായ, ഐ.ടി വകുപ്പുകള്‍ക്കുമെതിരെയും അവഭരിക്കുന്ന മുഖ്യമന്ത്രിക്കും ഇ.പി ജയരാജനെതിരെയുംവരെ കോടതിയില്‍നിന്ന് താക്കീത് ലഭിച്ചേക്കാമെന്നിടത്താണ് സ്വപ്‌നയുടെ പേരു പറഞ്ഞുകൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയഉത്തരവ്.

കള്ളക്കടത്ത് പുറത്തുവന്നപ്പോള്‍ മുതല്‍ പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിനെതിരെ ശക്തമായ ആരോപണം ഉയര്‍ന്നിരുന്നതാണ്. യു.എ.ഇയുടെ തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന ഒരൊറ്റക്കാരണത്താലായിരുന്നു പി.ഡബ്ലിയു.സി, ഐ.ടി വകുപ്പിന്റെ സ്‌പേസ്പാര്‍ക്കില്‍ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത സ്വ്പനക്ക് കരാര്‍ കമ്പനിയുടെ മറവില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത്. ഇത് ഇപ്പോള്‍ കള്ളക്കടത്തുകേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായുള്ള അടുപ്പം കാരണമാണെന്ന് ഇതിനകം ഇരുവരും സമ്മതിച്ചതുമാണ്. ശിവശങ്കറിന്റെ സ്വപ്‌നയുമായുള്ള അടുപ്പം തുടങ്ങുന്നത് യു.എ.ഇ കോണ്‍സുലേറ്റിലുണ്ടായിരുന്നകാലം മുതലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അപ്പോള്‍ ഐ.ടി വകുപ്പിന്റെ സെക്രട്ടറികൂടിയായ ശിവശങ്കറിന്റെ ശിപാര്‍ശപ്രകാരമാണ് സ്വപ്‌നക്ക് പി.ഡബ്ലുയു.സി സ്‌പേസ് പാര്‍ക്കില്‍ മാനേജരായി ജോലി നല്‍കിയതെന്ന് വ്യക്തമാകുന്നു.

മാസം രണ്ടുലക്ഷത്തോളം രൂപയാണ് സ്വപ്‌നക്കായി കരാര്‍ കമ്പനി സര്‍ക്കാരില്‍നിന്ന്, അഥവാ സംസ്ഥാനത്തെ ജനങ്ങളുടെ പണം ഈടാക്കിയിരുന്നത്. മൊത്തം 20 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടമായതെന്ന് ചീഫ്‌സെക്രട്ടറി ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ നിയമനം ഒരര്‍ത്ഥത്തില്‍ പി.ഡബ്ലിയു.സിയുടെമാത്രം കുറ്റമല്ലെന്നും ശിവശങ്കറുടെയും അദ്ദേഹത്തിന്റെ ബോസായ മുഖ്യമന്ത്രിയുടെയുംകൂടി കുറ്റമാണെന്നുമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

അപ്പോള്‍ സ്ഥാപനത്തിനെതിരായ വിലക്കു നടപടി സ്വന്തം മുഖംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അടവാണെന്നുവേണം വ്യാഖ്യാനിക്കാന്‍. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനമായ പി.ഡബ്ലിയു.സിക്ക് സ്‌പേസ് പാര്‍ക്കിന്റെ കരാറുകള്‍ നല്‍കിയത്. ഇതനുസരിച്ച് സ്‌പേസ് പാര്‍ക്കിലെ നിയമനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും പി.ഡബ്ലിയു.സിക്കാണെന്ന് കരാറില്‍ പറഞ്ഞിരുന്നതാണ്. അതനുസരിച്ച് തീര്‍ച്ചയായും സ്വപ്‌നയുടെ കാര്യത്തില്‍ സ്ഥാപനം വിലക്കപ്പെടേണ്ടതുതന്നെയാണ്. അക്കാര്യമാണ് കള്ളക്കടത്തും സ്വ്പനസുരേഷ് നിയമനവും പുറത്തുവന്നതുമുതല്‍ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ കോവിഡ് പതിവുവാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ഡബ്ലിയു.സിയെ ന്യായീകരിക്കാനാണ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചുവന്നത്.

ലോകത്തെതന്നെ രണ്ടാമത്തെ വലിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 157 രാജ്യങ്ങളിലായി 742 ഓഫീസുകളും 2.76 ലക്ഷം ജീവനക്കാരുമുള്ള സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം 31.37 ലക്ഷം കോടി രൂപയാണെന്നറിയുമ്പോള്‍ സ്ഥാപനത്തിന്റെ മേധാവികളും കേരള സര്‍ക്കാരിലെ ആളുകളും തമ്മിലുള്ള ബന്ധത്തിന്റെ ദുരൂഹതകള്‍ ഉയരുകയാണ്. ആയിരക്കണക്കിന് നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ട കോടികളുടെ സത്യം ഓഹരി കുംഭകോണം, ലണ്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വ്യവസായി വിജയ് മല്യയുമായി ബന്ധപ്പെട്ട യു.ബി ഗ്രൂപ്പ് അഴിമതി, നോക്കിയ നികുതി വെട്ടിപ്പ്, ഇന്ത്യയുടെ വിദേശനിക്ഷേപ നയരേഖകള്‍ ചോര്‍ത്തിയെന്ന കേസ് തുടങ്ങിയവയിലെല്ലാം ആരോപണം നേരിടുന്ന സ്ഥാപനമാണ് പിണറായി വിജയന്‍ പുകഴ്ത്തിപ്പാടിയ പി.ഡബ്ലിയു.സി.

ഇതിന്റെ പേരില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഇവര്‍ക്കെതിരെ രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പെടുത്തിയിട്ടുമുണ്ട്. ഇതെല്ലാം നിലനില്‍ക്കെതന്നെയാണ് മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും താല്‍പര്യപ്രകാരം കരിമ്പട്ടികയില്‍പെടുത്തേണ്ട വിദേശസ്ഥാപനത്തിന് കേരള സര്‍ക്കാര്‍ പരവതാനി വിരിച്ചുനല്‍കിയതെന്നത് അത്ഭുതപ്പെടുത്തുന്നു. കണ്‍സള്‍ട്ടന്‍സി സംവിധാനത്തെതന്നെ ഒരുകാലത്ത് എതിര്‍ത്തവര്‍ തങ്ങളുടെ കാലത്ത് ഖജനാവില്‍നിന്ന് കോടികള്‍ ഊരാനുള്ള മാര്‍ഗമായി പി.ഡബ്ലിയു.സിയെ ഉപയോഗിച്ചതിനെ ജനം മറക്കില്ലെന്നുമാത്രം ഓര്‍ക്കുക. ആഗോള മുതലാളിത്തത്തിനും കുത്തകകള്‍ക്കുമെതിരെ പോരാടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാരാണ് ഇതെല്ലാം ചെയ്തതെന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ലെങ്കിലും വൈകിയെങ്കിലും പ്രതിപക്ഷ വാദമുഖങ്ങളെ അംഗീകരിച്ച നടപടി ആശ്വാസകരമായി.