Sports

സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് പൊള്ളുന്ന വില; ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും -കെസിഎ

By Akhila

February 02, 2026

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ).  20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 200 രൂപ വരെ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.

ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദമായ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിച്ച് വേണം സേവനങ്ങള്‍ നല്‍കാനെന്ന് ഏകോപന യോഗങ്ങളില്‍ കെ.സി.എ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളില്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികള്‍ ബി.സി.സി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി

കെ.സി.എയുടെ വിശദീകരണം:- ‘അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്‌പോണ്‍സറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാര്‍ പ്രകാരം 200 മില്ലി ലിറ്റര്‍ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റര്‍ എനര്‍ജി ഡ്രിങ്ക്/ജ്യൂസ് എന്നിവക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകള്‍ സ്റ്റാളുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കുമെന്നും കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷന്‍ വ്യക്തമാക്കുന്നു.’