മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദീപക് മിശ്രയെ പുറത്തു നിന്ന് ആരോ നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയ ചായ്‌വ് നോക്കിയാണ് ജഡ്ജിമാര്‍ക്ക് കേസുകള്‍ വീതിച്ചുനല്‍കിയതെന്നുമാണ് കുര്യന്‍ ജോസഫ് ഉയര്‍ത്തിയ ഗുരുതര ആരോപണം. പുറത്തുനിന്ന് ആരോ ജസ്റ്റിസ് ദീപക് മിശ്രയെ നിയന്ത്രിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് തുടര്‍ന്നു. നാലു ജഡ്ജിമാരും അദ്ദേഹത്തെ ചെന്നുകണ്ടു വിവരം ചോദിക്കുകയും ചെയ്തുവെന്ന് കുര്യന്‍ ജോസഫ് വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യക്കും എന്‍.ഡി.ടി.വിക്കും നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.