മലപ്പുറം: വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ മങ്ങാടന്‍ പറമ്പത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസിനെ(40)യാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഷംസുദ്ദീനെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

12 വയസ്സിലധികം പ്രായമുള്ള പെണ്‍മാനിനെ കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ വീട്ടിലും എസ്‌റ്റേറ്റുകളിലുമായി വളര്‍ത്തി വരികയായിരുന്നുവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത മാനിനെ കോടനാട്ടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ മുംതാസിനെ റിമാന്‍ഡ് ചെയ്തു.

രഹസ്യവിവരത്തെത്തുടര്‍ന്നാണ് മുംതാസിന്റെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വീടിനോടു ചേര്‍ന്നു കൂടുപോലെ ഗ്രില്ലിട്ടു നിര്‍മിച്ച പ്രത്യേക സ്ഥലത്താണു മാനിനെ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വിഭാഗത്തില്‍പെട്ട മൃഗങ്ങളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കേസാണ്.