ബി. ബാലഗോപാല്‍

അമേരിക്കന്‍ കമ്പനി ആയ സാന്‍ഡിസ്‌ക് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവേ ആണ് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് മന്‍മോഹന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡല്‍ഹി ഹൈകോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ തിരൂരിലെ ഗള്‍ഫ് ബസാറിലെ തിരൂര്‍ ഗള്‍ഫ് ബസാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി ഉള്‍പ്പടെ ഉള്ളവര്‍ തടഞ്ഞതാണ് ജസ്റ്റിസ് മന്‍മോഹനെ ചൊടിപ്പിച്ചത്.

അമേരിക്കന്‍ കമ്പനിയുടെ പരാതി ഗൗരവ്വം എറിയതാണ്. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ സാന്‍ഡിസ്‌കിന്റെ മെമ്മറി കാര്‍ഡുകള്‍ ഫ്‌ലാഷ് കാര്‍ഡുകള്‍ എന്നിവയുടെ വ്യാജ പതിപ്പ് തങ്ങളുടെ പേര്, ട്രേഡ് മാര്‍ക്ക്, ഡിസൈന്‍ എന്നിവ ഉപയോഗിച്ച് വില്‍ക്കുന്നു. പരാതി പരിശോധിക്കാനും വ്യാജ പതിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പിടിച്ചെടുക്കാനും ഡല്‍ഹി ഹൈ കോടതി മിനി പുഷ്‌കരാനയെ അഭിഭാഷക കമ്മീഷന്‍ ആയി നിയമിച്ചു. മിനി പുഷ്‌കരാന നടത്തിയ പരിശോധനയില്‍ സാന്‍ഡിസ്‌കിന്റെ വ്യാജ പതിപ്പുകളില്‍ പെട്ട 4 ജി ബിയുടെ 2600 കാര്‍ഡുകളും, 8 ജി ബി യുടെ 2976 കാര്‍ഡുകളും, 16 ജി ബിയുടെ 1643 കാര്‍ഡുകളും, 32 ജി ബി യുടെ 16 കാര്‍ഡുകളും കണ്ടെത്തി.

വ്യാപാരികള്‍ തടസ്സം സൃഷ്ടിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. കമ്മീഷന്‍ തിരൂര്‍ പോലീസിന്റെ സഹായം തേടി. സബ് ഇന്‍പെക്ടര്‍ ഒരു ‘സിവില്‍ പോലീസ് ഓഫീസറുടെ’ സേവനം വിട്ടു നല്‍കി. ഒന്നും പിടിച്ചെടുക്കാന്‍ ആകാതെ കമ്മീഷന്‍ ഹൈകോടതിയില്‍ മടങ്ങി എത്തി കദന കഥ റിപ്പോര്‍ട്ട് ആയി കോടതിക്ക് നല്‍കി.

കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് തിരൂര്‍ ഗള്‍ഫ് ബസാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഡല്‍ഹി ഹൈകോടതി വാറന്റ് അയച്ചു. ഇവരെ അറസ്റ്റ് ചെയ്ത് 25000 രൂപയ്ക്ക് ജാമ്യത്തില്‍ വിടാം. എന്നാല്‍ കേസ് അടുത്ത തവണ വാദത്തിനായി എടുക്കുമ്പോള്‍ മൂന്ന് പേരെയും കോടതിയില്‍ ഹാജര്‍ ആക്കണം എന്നും കേരള പോലീസിനോട് ഡല്‍ഹി ഹൈകോടതി നിര്‍ദേശിച്ചു.

കേരളവും ആയി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയിലെ ഒരു സീനിയര്‍ ജഡ്ജി നടത്തിയ പരാമര്‍ശം. കാലിഫോര്‍ണിയയിലെ മിലിപ്റ്റസ് പട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനി കേരളത്തിലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ മാര്‍ക്കറ്റിന് എതിരെ നല്‍കിയ ഹര്‍ജി. അതും എനിക്ക് പ്രീയപ്പെട്ട മലബാറും ആയി ബന്ധപ്പെട്ട ഒരു കേസ്. ഈ കേസിന്റെ രേഖകള്‍ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ മനസ്സില്‍ ആദ്യം വന്ന ചിന്തകള്‍ ഇതൊക്കെ ആണ്.

പക്ഷേ കേസിന്റെ രേഖകള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ പെട്ടെന്ന് പോയത് ബീമാപള്ളിക്ക് സമീപത്തുള്ള ഗള്‍ഫ് സാധനങ്ങള്‍ കിട്ടുന്ന കടകളിലേക്കാണ്. പക്ഷേ കോളേജില്‍ പഠിക്കുന്ന കാലത്ത് ബീമാപ്പളിയിലെ കടകളിലേക്ക് പോയിട്ടുണ്ട്. ഇപ്പോള്‍ ബീമാപള്ളിയില്‍ ഗള്‍ഫ് സാധനങ്ങള്‍ കിട്ടുന്ന കടകള്‍ ഉണ്ടോ എന്ന് അറിയില്ല. പക്ഷേ എന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് ഒരു റെയിഡ് എന്നൊക്കെ പറഞ്ഞ് ബീമാപ്പളിയിലെ ഇത്തരം കടകളില്‍ ആരെങ്കിലും ചെന്നാല്‍ അത് ഒരു ക്രമസമാധാന പ്രശ്‌നം ആകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ലായിരുന്നു.

തിരൂരിലെ ഗള്‍ഫ് ബസാറിനെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ പോയിട്ടില്ല. ഇനി ഈ ബസാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ ദേശിയ മാധ്യമങ്ങളില്‍ ഒക്കെ സ്ഥാനം പിടിച്ചേക്കും. കാരണം കൊമ്പ് കോര്‍ക്കാന്‍ വേണ്ടി പോകുന്നത് കാലിഫോര്‍ണിയയിലെ മിലിപ്റ്റസ് പട്ടണത്തിലെ സാന്‍ഡിസ്‌കും ആയാണ്.

കേസിന്റെ രേഖകള്‍ വായിച്ചപ്പോള്‍ ചിരിച്ച് പോയ ഒരു ഭാഗം കൂടി പറഞ്ഞ് കൊണ്ട് നിറുത്താം. വ്യാജ പതിപ്പുകളും, വ്യാജ ഉല്‍പ്പന്നങ്ങളും, വ്യാജ സാധനങ്ങള്‍ ഒന്നും കേരളത്തിന് പുതുമ ഉള്ളതല്ല. ഐ പി എസ് സിംഹങ്ങള്‍ വരെ ഇറങ്ങിയിട്ടും ചില റെയിഡ് നാടകങ്ങള്‍ ഉണ്ടായി എന്നതിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. ദാ ഇവിടെ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറോട് തിരൂര്‍ ഗള്‍ഫ് ബസാര്‍ റെയിഡ് ചെയ്യാന്‍ പോയ അഭിഭാഷക കമ്മീഷന്‍ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ വിട്ട് നല്‍കിയത് ഒരു ‘സിവില്‍ പോലീസ് ഓഫീസറുടെ’ സേവനം. എന്തൊരു സഹകരണം. അസൂയ തോന്നുന്നു.