ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ഐഇഡി സ്‌ഫോടനം ആണെന്നാണ് സൂചന. വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

നിലവില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്നോ, പിന്നിലെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഫോറന്‍സിക് അധികൃതരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു.

ഒരു കുപ്പിയില്‍ വച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐഇഡിയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.