ന്യൂഡല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ ഫാതിമ നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നജീബീന്റെ തിരോധാന അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് 200 ഒാളം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യ ഗേറ്റിന് സമീപം ധര്‍ണ നടത്തുന്നതിനിടെയാണ് ഫാതിമയെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് നജീബിെൻറ മാതാവിനെ കൈക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ പൊലീസുകാർ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് സമരക്കാരിലൊരാളായ ശാഹിദ് റാസ പറഞ്ഞു

വിദ്യാര്‍ത്ഥികളെയും പൊലീസ് പിടിച്ചുമാറ്റി. ഫാതിമയെ വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

ഒക്ടോബര്‍ 15നാണ് ബയോമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നജീബിനെ കാണാതാവുന്നത്. എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ഹോസ്റ്റല്‍ മുറിയിലെത്തി മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് നജീബിനെ കാണാതാവുന്നത്. അതേസമയം വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. തിരോധാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി കെജരിവാള്‍ പറഞ്ഞു.

അതേസമയം ഇന്ത്യാഗേറ്റിന് സമീപം നാലുപേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും  സെക്ഷൻ 144 അനുസരിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വാദിക്കുന്നു.