ഷംസീര്‍ കേളോത്ത്

ഓരോ നവംബര്‍ എട്ടും ഓര്‍മപ്പെടുത്തുന്നത് ഭരണകൂടത്തിന്റെ സമാനതകളില്ലാത്ത ജനവിരുദ്ധ പ്രവൃത്തിയെയാണ്്. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച രാഷ്ട്രീയ തീരുമാനമായിരുന്നു 2016 നവംബര്‍ എട്ടിന് നടപ്പാക്കിയ നോട്ട്‌നിരോധനം. കള്ളപ്പണത്തിനെതിരെയുള്ള തുറന്ന യുദ്ധമാണെന്നായിരുന്നു ഭരണകക്ഷി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. അമ്പത് ദിവസം കൊണ്ട് എല്ലാം ശരിയാക്കാം അങ്ങനെ നടന്നില്ലെങ്കില്‍ തന്നെ തീ കൊളുത്തിക്കോളൂ എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നാടുനീളെ ജനങ്ങള്‍ ക്യൂവിലാണെന്നും അവര്‍ അസ്വസ്ഥരും അസന്തുഷ്ടരുമാെണന്നും തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന്റെ അടവുനയം മാത്രമായിരുന്നു ആ പ്രസ്താവന. ആലങ്കാരിക പ്രയോഗമാെണങ്കിലും എല്ലാം ശരിയായേക്കും എന്ന് ജനംകരുതിയിരുന്നു.

പക്ഷേ, നോട്ട്‌നിരോധനം നടപ്പാക്കി മാസങ്ങള്‍ക്ക്‌ശേഷവും ഡല്‍ഹിയിലെ സന്‍സദ് (പാര്‍ലമെന്റ്) മാര്‍ഗിലെ റിസര്‍വ്ബാങ്കിന്റെ ഓഫീസിന ്പുറത്ത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിക്ഷേപിച്ച് പുതിയത് വാങ്ങാനായി കാത്തിരിക്കുന്നവര്‍ പതിവ് കാഴ്ചയായിരുന്നു. ഒരു രാത്രികൊണ്ട് വിലയില്ലാതായിപോയ കറന്‍സി മാറ്റിക്കിട്ടാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നടക്കം തലസ്ഥാനത്തെത്തിയവരായിരുന്നു അവരില്‍ ഭൂരിഭാഗവും. അമ്പത് ദിവസമല്ല അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ശരിയാക്കാനായില്ലെന്ന് മാത്രമല്ല സമ്പദ്‌വ്യവസ്ഥ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക തളര്‍ച്ചയും രാജ്യത്തെ പിടിച്ചുലയ്ക്കുന്നു. ധൃതിയില്‍ നടപ്പാക്കി പിഴച്ചുപോയ നീക്കമായിരുന്നില്ല നോട്ട് നിരോധനം. ആ പദ്ധതിതന്നെ തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. സംഘടിത കവര്‍ച്ചയും നിയമപ്രകാരമുള്ള കൊള്ളയുമാണ് നോട്ട് നിരോധനം എന്നാണ് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ അന്ന് പ്രതികരിച്ചത്. ഈ പ്രസ്താവനയില്‍ എല്ലാം അടങ്ങിയിരുന്നു. വന്‍കിട കള്ളപ്പണക്കാരെയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ഫലത്തില്‍ സാധാരണക്കാരനെ വേട്ടയാടുകയും ചെയ്ത സമാനതകളില്ലാത്ത കൊള്ളയായിരുന്നു നടന്നത്. സര്‍ക്കാറാണ് കൊള്ളക്ക് നേതൃത്വം നല്‍കിയത് എന്നതിനാല്‍ പൗരന്‍മാര്‍ക്ക് സംഘടിത കൊള്ളയില്‍നിന്ന് നിയമപരിരക്ഷയുണ്ടായില്ലെന്ന് മാത്രം.

നോട്ട് നിരോധനത്തെതുടര്‍ന്ന് കറന്‍സിമാറ്റാനും മറ്റുമുള്ള ശ്രമത്തിനിടയില്‍ നൂറിലധികം പേരാണ് മരിച്ചത്. അതിലധികവും മുതിര്‍ന്ന പൗരന്‍മാരായിരുന്നു. അനധികൃത പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്രോതസാണെന്നും അതില്ലാതാക്കാനാണ് നോട്ട്‌നിരോധനം നടപ്പാക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരും സംഘ്പരിവാരവും വാദിച്ചു. കണക്കുകള്‍പ്രകാരം 2016 നവംബര്‍ എട്ടിന് പൊതുജനങ്ങളുടെ കൈവശമുണ്ടായിരുന്നത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി കറന്‍സി നോട്ടുകളാണ്. ഈ കറന്‍സിയുടെ 93 ശതമാനവും ബാങ്കുകള്‍വഴി തിരിച്ചെത്തി എന്ന് റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകകള്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം നാമമാത്ര കറന്‍സികള്‍ മാത്രമേ മടങ്ങിവരാനുണ്ടായിരുന്നുള്ളൂ. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ബാങ്കില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാതെപോയവരുടെ അനൗദ്യോഗിക കണക്കുകള്‍ വെച്ച് ഇതിനെ വിലയിരുത്തുമ്പോള്‍ കറന്‍സി പിന്‍വലിച്ചതുകൊണ്ട് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ട കള്ളപ്പണം എത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വ്യാജ കറന്‍സി ഇല്ലാതാക്കുന്നതോടെ കള്ളപ്പണം നിര്‍മാര്‍ജ്ജനം ചെയ്യും. അതോടൊപ്പം കാഷ്‌ലെസ് സമ്പദ്ഘടനയായി രാജ്യത്തെ പരിവര്‍ത്തിപ്പിക്കും എന്നതായിരുന്നു നോട്ട് നിരോധന കാലത്ത് സര്‍ക്കാരും ഭരണകക്ഷിയും ഉന്നയിച്ച പ്രധാന അവകാശവാദം. വസ്തുതാപരമായി പരിശോധിച്ചാല്‍ കാഷ്‌ലെസ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കറന്‍സി വിനിമയം 2016ല്‍ മാര്‍ക്കറ്റിലുണ്ടായിരുന്നതിനേക്കാള്‍ വലിയതോതില്‍ വര്‍ധിച്ചതായും കാണാം. 2016 നവംബറില്‍ 15.41 ലക്ഷം കോടി മൂല്യമുള്ള കറന്‍സി രാജ്യത്ത് വിനിമയത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 2021 ഒക്ടോബര്‍ എട്ടിന് 28.3 ലക്ഷം കോടി മൂല്യമുള്ള കറന്‍സി നോട്ടുകള്‍ സമ്പദ്‌വ്യവസ്ഥയില്‍ വിനിമയത്തിനായി നിലവിലുണ്ടെന്ന് റിസര്‍വ് ബാങ്കിന്റെ തന്നെ ഡാറ്റ സൂചിപ്പിക്കുന്നു. ഇതിനര്‍ഥം ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ വിനിമയം വര്‍ധിച്ചിട്ടില്ല എന്നല്ല, മറിച്ച് നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്ന കാഷ്‌ലെസ് എക്കോണമി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ഇന്നും രാജ്യത്ത് മഹാഭൂരിഭാഗവും കറന്‍സിയെ തന്നെയാണ് ആശ്രയിക്കുന്നതെന്നും ഇത് വ്യക്തമാക്കുന്നു. എലിയെ കൊല്ലാനായി ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലിന്റെ പ്രയോഗമായിരുന്നു നോട്ട്‌നിരോധനം. എന്നാല്‍ എലിയെ കൊല്ലാനുമായില്ല വീട് തകര്‍ന്നും പോയി എന്ന അവസ്ഥയിലാണ് രാജ്യം. 2016ന് ശേഷം രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദന സൂചിക (ജി.ഡി.പി) താഴോട്ട് കൂപ്പുകുത്തുകയല്ലാതെ മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയിലെ ഒട്ടനേകം സൂചനകളില്‍ ഒന്ന് മാത്രമാണ്.