ഹത്രാസ്: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ എംപി ഡെറിക്ക് ഒബ്രയാനെതിരെ പൊലീസ് മര്‍ദനം. ഡെറക് ഒബ്രയാന്‍, കകോലി ഘോഷ് ദസ്തിദാര്‍, പ്രതിമ മൊണ്ടാല്‍, മുന്‍ എംപി മമത താക്കൂര്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കണമെന്ന് ആവശ്യവുമായി എത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ വെച്ചാണ് യുപി പൊലീസ് തൃണമൂലിലെ നാലംഗ പ്രതിനിധി സംഘത്തെ തടഞ്ഞത്. തന്റെ സംഘത്തിലുള്ളവര്‍ക്കെതിരെ അക്രമാസക്തമായി പൊലീസ് പെരുമാറിയത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ഡെറിക്ക് ഒബ്രയാനെ യുപി പൊലീസ് അക്രമാസക്തമായി നിലത്തേക്ക് തള്ളിയിടുകയായിരുന്നു.

എഎന്‍ഐ ആണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വിട്ടത്. ‘ഞങ്ങള്‍ 1500 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവിടെ എത്തിയത്. ഒരു ജനപ്രതിനിധിയോട് ഇങ്ങനെയാണ് പൊലീസ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എങ്ങനെയാണെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ദൈവത്തിന് മാത്രമേ അവരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡെറിക്ക് ഒബ്രയാന്‍ പ്രതികരിച്ചു.