ന്യൂഡല്‍ഹി: ഹാത്രസ് ഗ്രാമത്തില്‍ യുപി ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എല്ലാ ഫോണുകളും യുപി പൊലീസ് പിടിച്ചെടുത്തതായി സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പോലീസ് അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഉത്തരവനസരിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായും അവരുടെ ഫോണുകള്‍ പിടിച്ചെടുത്തതായും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

ഹാത്രസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് അടക്കം ചെയ്ത പൊലീസ് പിന്നീട് ബലാത്സംഗം നിഷേധിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പോലീസ് അനുവദിക്കുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നു, അവരുടെ ഫോണുകള്‍ കണ്ടുകെട്ടുന്നു. എല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടക്കുന്നത്. എവിടെ ജനാധിപത്യം, എവിടെ നിയമവാഴ്ച, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഹാത്രസ് ഗ്രാമത്തില്‍ ഭരണകൂടം സിആര്‍പിസിയുടെ 144 വകുപ്പ് ചുമത്തിയതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് തങ്ങളെ പൊലീസ് തടയുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗം ആരോപിച്ചു. ഇരയുടെ കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടിയെകൊണ്ട് മാധ്യമങ്ങളെ സമീപിക്കാനും അവരുമായി ബന്ധപ്പെടാനും കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കയ്യിലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യിപ്പിച്ചാണ് പുറത്തുവിട്ടതെന്നും കുടുംബാംഗങ്ങളില്‍ ചിലരുടെ ഫോണുകള്‍ പിടിച്ചെടുത്തതായും കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.