തിരുവനന്തപുരം: പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിശദാംശങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു.

സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നു. ദിലീപ് പരാതി നല്‍കിയത് എപ്പോഴെന്നും അദ്ദേഹത്തിന്റെ ആക്ഷേപങ്ങള്‍ക്കും കോടതിയില്‍ മറുപടി നല്‍കുമെന്ന് ഡിജിപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബെഹ്‌റ.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ നിലവില്‍ യാതൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല. ദിലീപിന്റെ പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതില്‍ വ്യക്തമാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പര്‍ വഴിയും വാട്‌സ്ആപ്പ് മെസേജ് വഴിയം കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ദിലീപ് പരാതിപ്പെടാന്‍ വൈകിയെന്നായിരുന്നു പൊലീസിന്റെ ആരോപണം.