മുംബൈ: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉപയോഗിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ഏഴ് ആര് ഉപയോഗിക്കും എന്നതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചതിന് ശേഷം 10 ാം നമ്പര്‍ ജേഴ്‌സി ആരും ഉപയോഗിക്കാറില്ല. വിരമിച്ചതിന് ശേഷം ബിസിസിഐ ഒരു തവണ ഷര്‍ദുല്‍ താക്കൂറിന് പത്താം നമ്പര്‍ ജേഴ്‌സി നല്‍ക്കിയിരുന്നെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സച്ചിന്‍ നേടിയ നേട്ടങ്ങളുടെ ബഹുമാനാര്‍ത്ഥം ഒരു ഇന്ത്യന്‍ കളിക്കാരും പത്താം നമ്പര്‍ ജേഴ്‌സി ധരിക്കില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇനി ബിസിസിഐയെ കാത്തിരിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്.പരിമിത ഓവറുകളില്‍ മഹേന്ദ്ര സിങ് ധോണി ധരിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ഏഴ് വരും ദിവസങ്ങളില്‍ നടക്കുന്ന പരമ്പരകളില്‍ ഉപയോഗിക്കാതിരിക്കാനാണ് സാധ്യത.
ക്രിക്കറ്റില്‍ മിക്ക കളിക്കാരും ജേഴ്‌സിയുടെ നമ്പര്‍ ഇങ്ങോട്ട് ആവശ്യപ്പെടാറാണ് പതിവ്. ക്യാപ്റ്റന്‍ വിരാത് കോലി 18ാം നമ്പര്‍ ജേഴ്‌സിയാണ് ഉപയോഗിക്കാറ്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 45 ാം നമ്പറാണ് ആവശ്യപ്പെടാറ്. നിലവില്‍ ജേഴ്‌സി നമ്പര്‍ ഏഴ് ഉപയോഗിച്ച് ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധോണിയുടെ ജേഴ്‌സി ലഭ്യമാണെങ്കിലും ഇപ്പോള്‍ ടീമിലുള്ള കളിക്കാര്‍ ആ നമ്പര്‍ ആവശ്യപ്പെടാതിരിക്കാനാണ് സാധ്യതയെന്ന് ബിസിസിഐ ഒഫീഷല്‍സ് പറഞ്ഞു. സച്ചിനെ ആരാധകര്‍ പത്താം നമ്പറില്‍ കണക്കാക്കുമ്പോള്‍ ഏഴാം നമ്പറില്‍ ആരാധകര്‍ കാണുന്നത് ധോണിയെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിലവില്‍ ധോണി വിരമിക്കാത്തത് കൊണ്ട് ധോണി ഉപയോഗിച്ചിരുന്ന ജേഴ്‌സി മറ്റാര്‍ക്കെങ്കിലും നല്‍ക്കിയാല്‍ അത് വിവാദമാകുമെന്നാണ് ബിസിസിഐയും പ്രതീക്ഷിക്കുന്നത്. താക്കൂറിന്‍ അനുഭവമാണ് ബിസിസിഐക്ക് പാഠം. ലോകകപ്പിന് ശേഷം ഏകദിനമത്സരങ്ങളില്‍ നിന്ന് ധോണി വിരമിക്കുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍ എന്നാല്‍ അദ്ദേഹം രണ്ട് മാസത്തെ അവധി എടുത്ത് ടീമില്‍ നിന്ന് മാറി നില്‍ക്കുകയാണ്.