തിരുവനന്തപുരം; വെഞ്ഞാറമൂട് തേമ്പാംമൂടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന പൊലീസ് നിലപാട് തിരുത്തി ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍. രാഷ്ട്രീയകാരണങ്ങളാലാണ് കൊലപാതകം ഉണ്ടായതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എല്ലാ സാധ്യതയും അന്വേഷിക്കുമെന്നും ഡിഐജി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്ത അറിയാം. അന്വേഷണത്തിനായി പത്യേക അന്വേഷണസംഘം രൂപീകരിച്ചതായും സഞ്ജയ്കുമാര്‍ ഗുരുദിന്‍ പറഞ്ഞു.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് രാവിലെ വ്യക്തമാക്കിയിരുന്നു. റൂറല്‍ എസ്.പി ബി.അശോകന്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ സമാന നിലപാടാണ് അറിയിച്ചതും. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് സൂചന നല്‍കിയിരുന്നു. രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയാണ് ഇത്തരത്തില്‍ ദിശമാറ്റിയതായി കണ്ടെത്തിയത്.