കൊച്ചി: ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്. ജാമ്യം നല്‍കിയാല്‍ പ്രതി നടിയെ തൊഴില്‍ മേഖലയിലെത്തി അപമാനിക്കാന്‍ ശ്രമിക്കുമെന്നാണ് ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്.

പ്രതിയെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുവിട്ടാല്‍ ഇയാള്‍ നടിയുടെ തൊഴില്‍ തടസപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോ ദിലീപിന് കൈമാറിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നല്‍കിയില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുവരെയും അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നതോടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുപ്പക്കാരായ പല പ്രമുഖരേയും ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും പോലീസ് പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.