കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യമില്ലെന്ന അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വരുമ്പോള്‍ ദിലീപ് എപ്രകാരം പ്രതികരിക്കുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ അറസ്റ്റിലായതു മുതല്‍ ഉണ്ടായിരുന്ന അതേ ഭാവം തന്നെയായിരുന്നു ദിലീപിന് ജാമ്യപേക്ഷ തള്ളിയെന്ന വാര്‍ത്ത വന്നപ്പോഴും. ജാമ്യമില്ലെന്ന് അറിഞ്ഞ്, സബ് ജയിലിലേക്ക് മടങ്ങുമ്പോഴും ചെറുപുഞ്ചിരി ദിലീപിന്റെ മുഖത്തുണ്ടായിരുന്നു. പൊലീസ് വാഹനത്തിലേക്ക് കയറുമ്പോള്‍ ജനങ്ങളോട് കൈവീശി കാണിക്കാനും ദിലീപ് മറന്നില്ല.
ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടാണ് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.