കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പൂര്‍ണമായും കുറ്റവിമുക്തനാവുന്നത് വരെ സിനിമാ താരങ്ങളുടെ സംഘടനയിലേക്കില്ലെന്ന് ദിലീപ്. കഴിഞ്ഞ 24ന് കൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ തനിക്ക് നോട്ടീസ് നല്‍കാതെയും, തന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ താന്‍ മനസ്സാ വാചാ അറിയാത്തൊരു കേസിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ല.

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് സൂചിപ്പിച്ചിരുന്നതാണ്. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ തന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.