മുക്കം: ഡിസ്‌കവര്‍ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഡിസ്‌കവര്‍ രഞ്ജിത് അറസ്റ്റില്‍. ബൈക്ക് മോഷ്ടാവായ ഇയാള്‍ക്ക് ഡിസ്‌കവര്‍ ബൈക്കുകളോടാണ് കൂടുതല്‍ പ്രിയം. പി.സി ജങ്ഷനില്‍ നിന്ന് മോഷ്ടിച്ച ഡിസ്‌കവര്‍ ബൈക്കില്‍ കറങ്ങുമ്പോഴാണ് തൃശൂര്‍ മണിത്തറ സ്വദേശിയായ ഇയാള്‍ പിടിയിലായത്.

മോതിരം മോഷ്ടിച്ച് കുടുങ്ങിയതോടെ തൃശൂര്‍ വിട്ട ഇയാള്‍ കോഴിക്കോട് മാവൂരിലേക്ക് താമസം മാറ്റുകയായിരുന്നു. മാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടക കെട്ടിടത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മുക്കത്തും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം നടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇതില്‍ രണ്ടെണ്ണം മാമ്പറ്റയിലെ ആക്രിക്കടയില്‍ വിറ്റതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.