ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ പാക് നിലപാടുകളില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ പാര്‍ലമെന്ററി നടപടികള്‍ ബഹിഷ്‌കരിച്ച്  തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. ബുധനാഴ്ചത്തെ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച വിവരം ഇമ്രാന്‍ഖാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ത്യപാക് പ്രശ്‌നത്തില്‍ പാക് പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയല്ല. പ്രശ്‌നത്തില്‍ വേണ്ട സമയത്ത് ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ പാകിസ്താനായില്ല. ഇത് അംഗീകരിക്കാനാവില്ല എന്നിങ്ങനെ ഇമ്രാന്‍ഖാന്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

പാക് ജനതയുടെ ഭരണകര്‍ത്താവായിരിക്കാന്‍ നവാസ് ഷെരീഫിനു അവകാശമില്ലെന്നും ഷെരീഫിനു മുന്നില്‍ ഇനി രണ്ടു മാര്‍ഗങ്ങളാണുള്ളതെന്നും ഇമ്രാന്‍ പറഞ്ഞു. രാജ്യത്തിനു ചേര്‍ന്ന പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം തെളിയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ രാജി വെക്കണമെന്നും അതല്ലാത്ത പക്ഷം താനും തന്റെ പാര്‍ട്ടിയും പാര്‍ലമെന്ററി നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ പ്രമുഖ പാര്‍ട്ടിയായ തെഹരിക് ഇ ഇന്‍സാഫിന്റെ നേതാവ് ഇമ്രാന്‍ ഖാന്റെ അസാന്നിധ്യത്തില്‍ പാര്‍ലമെന്റെ് ജോയിന്റ് സെക്ഷന്‍ നടപടികള്‍ ഇപ്പോള്‍ നടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം, നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നവാസ് ഷെരീഫ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇമ്രന്‍ ഖാന്‍ പങ്കെടുത്തിരുന്നു.