വാഷിങ്ടണ്‍: സമൂഹമധ്യത്തില്‍ മുഖം കെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനണിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും രംഗത്ത്. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം ബാനണ്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ അഭിഭാഷകര്‍ ബാനണിന് കത്തെഴുതി.
വൈറ്റ്ഹൗസില്‍ ജോലിക്ക് ചേരുമ്പോള്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചത് നിയമവിരുദ്ധമാണ്. മാധ്യമപ്രവര്‍ത്തകനായ മൈക്കല്‍ വോള്‍ഫിനോട് സംസാരിച്ച് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയതായും കത്ത് ആരോപിക്കുന്നു. ബാനണിന്റെ വെളിപ്പെടുത്തലുകളോട് രോഷത്തോടെയാണ് ട്രംപ് പ്രതികരിച്ചത്.

വൈറ്റ്ഹൗസിലെ ജോലി നഷ്ടപ്പെട്ട ശേഷം ബാനണിന് മനോനില നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കറ്റപ്പെടുത്തി. എന്നാല്‍ ട്രംപിന്റെ വിമര്‍ശനങ്ങളെ ബാനണ്‍ അവഗണിച്ചു. ട്രംപ് വലിയ മനുഷ്യനാണെന്നും രാത്രിയും പകലും ഞാന്‍ അദ്ദേഹത്തെ പിന്തുണക്കുന്നുവെന്നും ബാനണ്‍ പ്രതികരിച്ചു. വോള്‍ഫിന്റെ പുസ്തകം സാങ്കല്‍പിക കഥകള്‍ അടങ്ങിയ ചവറാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ആരോപിച്ചു. വൈറ്റ്ഹൗസില്‍ യാതൊരു സ്വാധീനവുമില്ലാത്തവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പ്രസിഡന്റാകാകാന്‍ ട്രംപിനെ ഭാര്യ മെലാനിയ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് സാന്‍ഡേഴ്്‌സ് കൂട്ടിച്ചേര്‍ത്തു.