കൊച്ചി : ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.

വളരെ അടിയന്തരപ്രാധാന്യമുള്ള വിഷയമാണെന്നും, ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഞ്ചു തവണ തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

131 മണ്ഡലങ്ങളിലായി നാലരലക്ഷത്തോളം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നാണ് ഹര്‍ജിയിലെ വാദം. വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.