തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ അനുമതി. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒരു വാഹനത്തില്‍ രണ്ട് പേര്‍ മാത്രമേ പാടുള്ളൂ. പരിശീലനം നേടുന്ന വ്യക്തിയും പരിശീലകനും മാത്രമാണ് വാഹനത്തില്‍ അനുമതി. വാഹനങ്ങളും സ്ഥാപനവും അണുവിമുക്തമാക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അഞ്ചുമാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.