ഒന്നര വയസ്സുകാരിയായ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട പിതാവ് കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞു കൊന്നു. ഡല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

56 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. കുട്ടിയുടെ പിതാവ് റാഷിദ് ജമാലിനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. അമിതമായി മദ്യപിച്ച് യുവാവ് വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതേചൊല്ലി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു.

തുടര്‍ന്ന് കുഞ്ഞിനെയും എടുത്ത് വീടുവിട്ടിറങ്ങിയ ഇയാല്‍ ഓവുചാലില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു.

കുഞ്ഞിന്റെ മാതാവ് ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടി പിന്നാലെ പോയെങ്കിലും അപ്പോഴേക്കും കുഞ്ഞിനെ ഓവുചാലിലേക്ക് എറിഞ്ഞിരുന്നു. സംഭവമറിഞ്ഞെത്തിയ ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ കുഞ്ഞിനായി തെരച്ചില്‍ നടത്തുകയായിരുന്നു.