ചണ്ഡീഗഡ്: സ്വന്തം കുഞ്ഞല്ലെന്ന് സംശയിച്ച് രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. ചണ്ഡീഗഡിലെ ദലോണ്‍ മേഖലയിലാണ് മയക്കുമരുന്നിന് അടിമയായ സിക്കന്ദര്‍ സിങ് കുഞ്ഞിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ സിക്കന്ദറിനെ പൊലീസ് അറസ്റ്റു ചെയ്തു.

തന്റെ ഭാര്യ ജസ്ബിന്‍ കൗറിന് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായതിനാലാണ് കൊന്നതെന്ന് സിക്കന്ദര്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞ് ജനിച്ചതോടെ ഇയാള്‍ ജസ്ബിറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കൂട്ടി സ്വന്തം സഹോദരിക്കും മക്കള്‍ക്കുമൊപ്പമായിരുന്നു സിക്കന്ദറിന്റെ താമസം.

വീട്ടില്‍ ആരുമില്ലാത്ത നേരത്ത് ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ തിരിച്ചെത്തിയശേഷമാണ് കുഞ്ഞ് മരിച്ചതായി കണ്ടത്. സംഭവശേഷം മുങ്ങിയ സിക്കന്ദറിനെ ദെഹ്‌ലോണ്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.