ന്യുഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന കാലത്തിനനുസരിച്ച് മാറ്റിയെഴുതണമെന്നും അതിന് ഞങ്ങളിവിടെയുണ്ടെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. മതേതരവാദികളാവുന്നതിന് പകരം ജാതി, മത സ്വത്വത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഹെഗ്‌ഡെ പറഞ്ഞു. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്” എന്ന് പറഞ്ഞ ആനന്ത്കുമാര്‍ ഹെഗ്‌ഡെ, ഓരോരുത്തരും മുസ്ലീം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും അഭിപ്രായപ്പെട്ടു. ”പക്ഷെ അവര്‍ മതേതരാണ് എന്ന് പറയുന്നിടത്താന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.” നൈപുണ്യ വികസനത്തിന്റെയും സംരംഭകത്വത്തിന്റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹെഗ്‌ഡെ പറഞ്ഞതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിച്ചു. അംബേദ്കര്‍ക്കെതിരായ ആര്‍എസ്എസ് നിലപാടാണ് ഹെഗ്‌ഡെയിലൂടെ പുറത്തുവന്നത്. വിഷംതുപ്പുകയാണ് ഹെഗ്‌ഡെ. പഞ്ചായത്ത് അംഗമാകാന്‍ പോലും അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.