ആലപ്പുഴ: ആലപ്പുഴയിലെ കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ജിഷ്ണു(24)വാണ് വെട്ടേറ്റ് മരിച്ചത്. കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറിയാണ് ജിഷ്ണു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

ജിഷ്ണുവും സുഹൃത്തും ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. കരുവാറ്റയില്‍ റെയില്‍വെ ക്രോസിന് അടുത്ത് നാലുബൈക്കുകളിലായി എത്തിയവര്‍ ജിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. വെട്ടേല്‍ക്കാതിരിക്കാന്‍ ജിഷ്ണു അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ അക്രമികള്‍ വീടിന് മുന്നിലിട്ട് ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ജിഷ്ണുവിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണനാണ് പിതാവ്.