ആസ്വദിച്ച് പാട്ടുകേള്‍ക്കുന്നതിനിടെ നിങ്ങളുടെ ചെവിയില്‍ ആരെങ്കിലും ഇക്കിളിപ്പെടുത്തിയാല്‍ എന്തായിരിക്കും നിങ്ങളുടെ സ്ഥിതി? ആരാണീ ശല്യക്കാരന്‍ എന്ന് ചോദിച്ച് ഹെഡ്‌സെറ്റ് എടുത്തുനോക്കില്ലേ? അതെ. അങ്ങനെ തന്നെയാണ് ചെയ്യുക. പാട്ടുകേട്ട് ആസ്വദിച്ചിരിക്കുന്നതിനിടയിലാണ് ഒരു യുവാവിന്റെ ചെവിയില്‍ അസ്വസ്ഥത തോന്നിയത്. ഉടനടി ഹെഡ്‌സെറ്റൂരി പരിശോധിച്ച് നോക്കിയപ്പോഴോ കാഴ്ച്ച കണ്ടും ഞെട്ടി അയാള്‍. സംഗതി ഓസ്‌ട്രേലിയയിലാണ്.

ഹന്റ്‌സ്‌മെന്‍ ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്റെ ഹെഡ്‌സെറ്റില്‍ ഉണ്ടായിരുന്നത്. ചെവി മൂടാനായുള്ള ഹെഡ്‌സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ചിലന്തി. പെര്‍ത്തില്‍ പ്ലംബ്ബിംഗ് ജോലിക്കാരാനായ ഒള്ളി ഹര്‍സ്റ്റിനാണ് അനുഭവമുണ്ടായത്. ഹെഡ്‌സെറ്റില്‍ ഒളിച്ചിരിക്കുന്നയാളെ കണ്ടെതോടെ യുവാവ് ഹെഡ്‌സെറ്റ് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു.

ഹെഡ്‌സെറ്റ് കയ്യിലെടുത്ത് കുലുക്കി ചിലന്തിയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. നിരവധി ശ്രമിച്ചിട്ടും ചിലന്തി ഇറങ്ങിപ്പോരാന്‍ തയ്യാറാവാത്തതിന് പിന്നാലെ ഹെഡ്‌സെറ്റ് യുവാവ് ഉപേക്ഷിക്കുകയായിരുന്നു.