ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ നേപ്പാളി യുവതിയെ മദ്യം നല്‍കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പ്രദേശത്തു നിന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി ക്രൂര മാനഭംഗത്തിന് ഇരയായത്. പരിചയക്കാരിലൊരാള്‍ വഴി ഫ്‌ലാറ്റിലെത്തിച്ച യുവതിയെ മദ്യം കൊടുത്ത് മയക്കിയശേഷമായിരുന്നു മാനഭംഗം.

പീഡനത്തിനിരയായാ യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 5.45ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി സഹായത്തിനായി തെരുവിലൂടെ നഗ്‌നയായാണ് ഒടിയത്.

അവസാനം വഴിയെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിക്ക് സഹായം നല്‍കിയത്. പിന്നീട് പൊലീസെത്തി ഇവരെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി സഹായത്തിനായി സമീപിച്ചിട്ടും പലരും സഹായിച്ചില്ലെന്ന് സിസിടിവി ദൃശ്യത്തില്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കി. അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നുള്ള ചാട്ടത്തില്‍ യുവതിക്ക് നിസാര പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വികാസ് കുമാര്‍, ലക്ഷയ് ഭല്ല, നവീന്‍, സ്വാരിത്, പ്രതീക് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളെല്ലാം ഡല്‍ഹിയിലെ വിവിധ കോള്‍സെന്ററുകളില്‍ ജോലി ചെയ്യുന്നവരാണ്.

ഇവരില്‍ വികാസ് കുമാറെന്ന യുവാവുമായി അതിക്രമത്തിന് ഇരയായ യുവതിക്ക് പരിചയമുണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് പരിചയത്തിലായ വികാസാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ ഞായറാഴ്ച രാത്രി യുവതിയെ പാണ്ഡവ് നഗറിലെ സുഹൃത്തിന്റെ മുറിയിലെത്തിച്ചത്. അവിടെ മറ്റു നാലുപേര്‍ കൂടി എത്തിയിരുന്നു. തുടര്‍ന്നു മദ്യ ലഹരിയില്‍ ബോധം മറഞ്ഞ തന്നെ, ഫ്‌ലാറ്റിലെ മുറിയില്‍വച്ച് വികാസ് കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരും മാറിമാറി ബലാത്സംഗം നടത്തിയെന്നാണ് യുവതിയുടെ പരാതി.