തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കളായ നാല് പേര്‍ക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുണ്‍, അനിക്കുട്ടന്‍ എന്നിവര്‍ക്കാണ് ഇഡി നോട്ടീസയച്ചത്. ഈ മാസം 18ന് ഇഡിയുടെ ബംഗളൂരു ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

അനിക്കുട്ടന്‍ ബിനീഷിന്റെ ഡ്രൈവറാണ്. അരുണ്‍ സുഹൃത്തും. ഇവര്‍ ബിനീഷിന്റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബ്ദുല്‍ ലത്തീഫും റഷീദും ബിനീഷിന്റെ പാര്‍ട്ണര്‍മാരാണ്. ഇവര്‍ക്ക് ഹാജരാകാന്‍ നേരത്തെ തന്നെ ഇഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റീന്‍ ആണെന്ന് പറഞ്ഞ് ഇരുവരും ഇതുവരെ ഹാജരായിട്ടില്ല.

ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് കടത്തിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഇഡി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ ബിനീഷിന് വലിയ ശൃംഖലയുണ്ടെന്ന് അന്വേഷണസംഘത്തിന് മനസ്സിലായിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്.