Culture

അമ്മയുടെ സിനിമയില്‍ ഭാവനയുണ്ടാകുമോ; പ്രതികരണവുമായി ഇടവേള ബാബു

By chandrika

October 12, 2020

കൊച്ചി: താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു. സിനിമയില്‍ ഭാവനയുണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഭാവന ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി 20 ല്‍ ഭാവന പ്രധാന വേഷത്തിലാണ് എത്തിയത്. ‘ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല. ഇത്രയും മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റുകയൊള്ളൂ. കഴിഞ്ഞ ട്വന്റി 20 ല്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ലല്ലോ. അതുപോലെയാണ് ഇത്. അമ്മയിലുള്ളവരെ വച്ച് എടുക്കേണ്ടിവരും.’ ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ ട്വന്റി ട്വന്റിയില്‍ തന്നെ അമ്മയിലുള്ളവരെ തന്നെ പലരേയും അഭിനയിപ്പിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമുടി വേണു ചിത്രത്തില്‍ ഇല്ലാതിരുന്നതിന് കാരണം അനുയോജ്യമായ കഥാപാത്രം ഇല്ലാത്തതിനാലായിരുന്നെന്നും ഇടവേള ബാബു പറഞ്ഞു.