ഒരു വാഹനത്തില്‍ തന്നെ നൂറ്റിനാല് ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിച്ച അതുല്യ നേട്ടത്തിന്റെ അവകാശിയായിരിക്കുകയാണ് നമ്മുടെ രാജ്യം. ബഹിരാകാശ ശാസ്ത്ര-ഗവേഷണ രംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സ് നിലവില്‍ തന്നെ ഉന്നതിയില്‍ നില്‍ക്കുകയാണെങ്കിലും ഇന്നലെ നടത്തിയ ഏറ്റവും പുതിയ ദൗത്യം രാജ്യത്തിനും ജനങ്ങള്‍ക്കും മാത്രമല്ല, ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒക്കും ബഹിരാകാശ ശാസ്ത്ര മേഖലക്കാകെയും അഭിമാനപുളകിത ദായകമായിരിക്കുന്നു. ലോകത്ത് ഇന്നുവരെ ഒരു രാജ്യവും കൈവരിച്ചിട്ടില്ലാത്ത നേട്ടത്തിനാണ് ഇന്ത്യ ഇതിലൂടെ അര്‍ഹമായിരിക്കുന്നത്. ഇതുവരെ 37 ഉപഗ്രഹങ്ങള്‍ മാത്രമാണ് ഒരേ സമയം ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. റഷ്യയുടേതായിരുന്നു ഇത്.

ഇന്ത്യയുടെ ബഹിരാകാശശാസ്ത്രജ്ഞരെ ഇക്കാര്യത്തില്‍ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബഹിരാകാശ ഏജന്‍സിയായിരിക്കുക കൂടിയാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ. ബംഗാള്‍ ഉള്‍ക്കടലിലെ ആന്ധ്രപ്രദേശ് തീരത്തുള്ള ശ്രീഹരിക്കോട്ടയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ രാവിലെ 9.28ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഉപഗ്രഹ വിക്ഷേപണം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 20 ഉപഗ്രഹങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് ഇന്ത്യ റിക്കാര്‍ഡിട്ടതിന് പിറെകയാണ് ഈ ചരിത്ര ദൗത്യം നടന്നിരിക്കുന്നത്.

ഇന്ത്യയുടേതിനു പുറമെ അമേരിക്ക, യു.എ.ഇ, ഇസ്രാഈല്‍, കസാഖ്സ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ വിവിധോദ്ദശ്യ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ 96 ഉം അമേരിക്കയുടേതാണ്.

എല്ലാറ്റിനും കൂടിയുള്ള ഭാരം 1378 കിലോഗ്രാം. ഇന്ത്യയുടെ സ്വന്തമായ 714 കിലോ വരുന്ന കാര്‍ട്ടോസാറ്റ് 2 ആണ് ഭാരത്തില്‍ ഒന്നാമത്. ഇതില്‍ 103 എണ്ണവും നാനോ ഉപഗ്രഹങ്ങളാണ്. അമേരിക്കയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതാണ് ഇവയില്‍ അധികവും.സമുദ്ര ഗവേഷണം, ഭൂമിയുടെ ചിത്രങ്ങളെടുക്കുക, സിഗ്നലുകള്‍ നല്‍കുക, സംപ്രേഷണം, വിവര ശേഖരണം തുടങ്ങിയവക്കായുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.

യു.എ.ഇയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, കസാഖിസ്ഥാനിലെ അല്‍ഫറാബി നാഷണല്‍ സര്‍വകലാശാല, ഇസ്രാഈലിലെ ബെന്‍ഗരിയന്‍ സര്‍വകലാശാല എന്നിവയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ എട്ട് ലൂനാര്‍ ഉപഗ്രഹങ്ങളും ഐ.എസ്.ആര്‍.ഒയുടെ രണ്ട് ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളും ഇതിലുള്‍പെട്ടിട്ടുണ്ട്. 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും അത് പിന്നീട് 104 ആയി വര്‍ധിപ്പിക്കുകയായിരുന്നു.

ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്യയുടെയും കഴിവിലുള്ള വിശ്വാസമാണ് ഈ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒയെ പ്രേരിപ്പിച്ചിരിക്കുക. ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനപരമ്പരയായ പി.എസ്.എല്‍.വിയുടെ സി-37 വാഹനമാണ് ഈ ചരിത്ര ദൗത്യത്തിനായി ഉപയോഗിച്ചത്. കുറഞ്ഞ ചെലവില്‍ കൂടിയ വിശ്വാസ്യത എന്നതാണ് ഇന്ത്യയുടെ സവിശേഷത. ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ച് ഈ ദൗത്യം ഏറെ അഭിമാന ദായകമാകുമ്പോള്‍ തന്നെ സാമ്പത്തികമായി ലാഭകരവുമാണ്.

പുതിയ ദൗത്യത്തിന് എത്ര രൂപയാണ് ചെലവു വന്നതെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം വിക്ഷേപണത്തിലൂടെ കോടികളുടെ വരുമാനമാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത്. 2013ല്‍ 136 കോടി രൂപയാണ് ഇതിലൂടെ ഐ.എസ്.ആര്‍.ഒ നേടിയതെങ്കില്‍ 2015ല്‍ 415.4 കോടി രൂപയാണ് ലഭിച്ചത്. 205 ശതമാനത്തിന്റെ വരുമാന വര്‍ധന. ഇന്ത്യയും മറ്റു രാജ്യങ്ങളുടെ ബഹിരാകാശ വാഹനത്തെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴും ആശ്രയിക്കാറുണ്ടെങ്കിലും പി.എസ്.എല്‍.വി സി-37ന്റെ റിക്കാര്‍ഡ് ദൗത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്കാണ് ആശ്രയിക്കേണ്ടി വന്നിരിക്കുന്നത്.

റഷ്യയുടെ ഫാല്‍ക്കണ്‍-9 വാഹനത്തിന് ഏതാണ്ട് 381 കോടി രൂപയാണ് ചെലവെങ്കില്‍ ഇന്ത്യക്ക് അത് തുലോം കുറവാണ്. ജപ്പാന്‍, ചൈന, അമേരിക്ക എന്നിവയുടെ ബഹിരാകാശ വിക്ഷേപണ വാഹനത്തിനും വന്‍ ചെലവാണ് വരുന്നത്. അമേരിക്കയുടെ അറ്റ്‌ലസ്-5 വാഹനത്തിന് 669 കോടി രൂപയാണ് ചെലവെങ്കില്‍ ഇന്ത്യയുടെ പി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിനുള്ള ചെലവ് വെറും ഒന്നരക്കോടി രൂപയാണെന്നതാണ് നമ്മെ ഈ മേഖലയില്‍ തലയുയര്‍ത്തിനിര്‍ത്തുന്നത്. ഏറ്റവും കുറഞ്ഞ സാങ്കേതിക വിദ്യ കൊണ്ട് കൂടുതല്‍ ഫലങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നാണ് ഐ.എസ്.ആര്‍.ഒ മേധാവി എ.എസ് കിരണ്‍കുമാര്‍ അവകാശപ്പെടുന്നത്.

ഓരോ തവണ വിക്ഷേപിക്കുമ്പോഴും ഉപഗ്രഹങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടുവരികയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. സാമ്പത്തിക-വികസന രംഗങ്ങളില്‍ പിന്നിലാണെങ്കിലും ബഹിരാകാശ ഗവേഷണ കാര്യത്തില്‍ ഇന്ത്യ മല്‍സരിക്കുന്നത് റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ്, ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങളോടാണെന്നതാണ് നമ്മുടെ പ്രസക്തിയും പ്രശസ്തിയും. ഇന്ത്യയും ചൈനയും ജപ്പാനുമാണ് ബഹിരാകാശ ശക്തികളായി അറിയപ്പെടുന്നത്. 2008ല്‍ ഇന്ത്യ ചന്ദ്രയാന്‍ -1 വിക്ഷേപിച്ചത് ലോകശ്രദ്ധ നമ്മിലേക്ക് തിരിപ്പിച്ചു. 2010 മുതല്‍ നാം ജപ്പാനെ പിന്തള്ളി.

2013ല്‍ ചൊവ്വയിലേക്കുള്ള മംഗള്‍യാന്‍ ദൗത്യം കൂടിയായതോടെ ഇന്ത്യക്ക് ചൈനയുടെ മേലും മേല്‍ക്കൈയായി. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ വഹിക്കുന്ന സേവനം അനിതരസാധാരണമായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ ഭാരശേഷിയുള്ള ബഹിരാകാശ വാഹനങ്ങളെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ .

ഐ.എസ്.ആര്‍.ഒയുടെ സഹായ സ്ഥാപനമായ ആന്‍ട്രിക്‌സ് കോര്‍പറേഷനാണ് കുറഞ്ഞ ചെലവിലുള്ള വിക്ഷേപണത്തിന് സഹായിക്കുന്നത്. അമേരിക്കക്കും ഫ്രാന്‍സിനും പോലും ഇത്രയും കുറഞ്ഞ ചെലവില്‍ വിക്ഷേപണം നടത്താനാവില്ലെന്നതാണ് ഇന്ത്യയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ ഇന്ത്യന്‍ ബഹിരാകാശ സംവിധാനം ഉപയോഗിക്കുന്നത് ഇപ്പോഴത്തെ മാത്രമല്ല മുന്‍ അമേരിക്കന്‍ ഭരണകൂടവും അവിടുത്തെ ബഹിരാകാശ വിദഗ്ധരും അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഏതായാലും പുതിയ കിരീടധാരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല സാങ്കേതിക വിദ്യയും ഒരുക്കുന്നതിന് കാരണക്കാരായ മഹാരഥന്മാരായ നമ്മുടെ ശാസ്ത്ര മുന്‍ഗാമികളെ ഇത്തരുണത്തില്‍ കൃതജ്ഞതയോടെ സ്മരിക്കാം.